കൊച്ചി: അന്തര്‍ ദേശീയ സഹകരണ ദിനത്തിന്റെ ജില്ലാതല ആഘോഷം ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. താഴെത്തട്ടിലുള്ള ജനങ്ങളുടെ അത്താണിയായി സഹകരണ പ്രസ്ഥാനങ്ങള്‍ മാറണമെന്ന് എംഎല്‍എ പറഞ്ഞു.
സഹകരണ സംഘങ്ങള്‍ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും സര്‍ക്കാരുകളുടെ ആവശ്യമാണ്. സര്‍ക്കാരുകള്‍ മാറി വരുമ്പോഴും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ദോഷകരമായ തീരുമാനങ്ങള്‍ എടുക്കാറില്ല. നോട്ട് നിരോധനം വന്നപ്പോള്‍ ചില രാഷ്ട്രീയ കക്ഷികള്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ കേരള സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം ഇവയെ അതിജീവിച്ച് വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മുന്‍ എംഎല്‍എ എംഎം മോനായി പ്രബന്ധാവതരണം നടത്തി. സഹകരണത്തില്‍ സ്വര്‍ത്ഥതയ്ക്ക് സ്ഥാനമില്ലെന്നും ലാഭത്തിലുള്ള അനിയന്ത്രിതമായ ആഗ്രഹമില്ലായ്മയാണ് മറ്റ് സംരംഭങ്ങളില്‍ നിന്നും ഈ പ്രസ്ഥാനത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയാണ് സാര്‍വദേശീയ സഹകരണ ദിനം. മുന്‍ എംഎല്‍എ ബാബു പോള്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. ലൈല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ്, വടക്കേക്കര സഹകരണ സംഘം പ്രസിഡന്റ് ടി.ആര്‍ ബോസ്, ദേശീയ സഹകരണ ഫെഡറേഷന്‍ അംഗം കെ.പി.ബേബി, കണയന്നൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.ഇ ഹസൈനാര്‍, അസി രജിസ്ട്രാര്‍ പി.ജി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.