കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. എൻ താവ് – ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയിൽ വനവിഭവങ്ങൾ ശേഖരിച്ചു വിപണനം നടത്തുന്നതിനായി പന്തപ്രയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സംസ്കരണ കേന്ദ്രവും രണ്ടാം ഘട്ടത്തിൽ ആദിവാസികളുടെ തനത് ജീവിത ചര്യകളും കലാരൂപങ്ങളും പരിപോഷിപ്പിക്കുന്ന ഹെറിറ്റേജ് ഗ്രാമവും ഓപ്പൺ എയർ സ്റ്റേഡിയവും ഒരുക്കും. മൂന്നാം ഘട്ടത്തിൽ ടൂറിസം രംഗത്തെ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ടൂറിസം കോട്ടേജുകൾ, ഏറുമാടങ്ങൾ എന്നിവ വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ചു നൽകും.
ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ ടൂറിസ്റ്റ് ഗൈഡുകളായി നിയോഗിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വനം വകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാംഘട്ട പദ്ധതി നടപ്പിലാക്കുന്നത്.

കുട്ടമ്പുഴ പഞ്ചായത്തിൽ നടന്ന പദ്ധതിയുടെ പ്രാരംഭ ഘട്ട കൂടിയാലോചന യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.എ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനൽ, റാണിക്കുട്ടി ജോർജ്, എൻ.ജെ.ജെയ്മി , കെ.കെ.ദാനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പെൽ, ബ്ലോക്ക്, കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, മെമ്പർമാരായ ബിനീഷ് നാരായണൻ, മേരി കുര്യാക്കോസ്, മുവാറ്റുപുഴ റ്റി.ഡി.ഒ.അനിൽ ഭാസ്കർ ,എസ്.റ്റി.പ്രമോട്ടർ അജിത, പന്തപ്ര ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, കാണിക്കാരൻ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.