കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ഘട്ടങ്ങളില്‍ നഷ്ടപരിഹാരമായും ആനുകൂല്യങ്ങളായും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 285.17 കോടി രൂപയുടെ സഹായം. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും ദുരിതബാധിതരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം ധനസഹായവും നല്‍കുന്നു.
സൗജന്യറേഷന്‍, ചികിത്സയ്ക്ക് ആംബുലന്‍സ് സൗകര്യം, വൈദ്യുതി നിരക്കില്‍ ഇളവ് എന്നിവയും നല്‍കി വരുന്നു. ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം, സൗജന്യ റേഷന്‍, ആംബുലന്‍സ് സൗകര്യം എന്നിവയ്ക്കായി 171.10 കോടി രൂപയും ചികിത്സയിനത്തില്‍ 16.83 കോടി രൂപയും ദുരിതബാധിതരുടെ കുടുംബങ്ങളുടെ വായ്പ എഴുതിത്തള്ളിയ ഇനത്തില്‍ 6.83 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
പെന്‍ഷന്‍ ഇനത്തില്‍ 81.42 കോടി, ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്ക് ആശ്വാസ കിരണം പദ്ധതിയില്‍ പ്രതിമാസ പെന്‍ഷനായി 4.54 കോടി, ദുരിതബാധിത കുടുംബങ്ങളിലെ 12-ാം തരം വരെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 4.44 കോടി എന്നിവയും ചെലവഴിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ഉത്സവ ബത്ത എന്നീ ഇനങ്ങളിലും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ സെല്‍ വഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
6727 ദുരിതബാധിതര്‍
2010, 2011, 2013, 2017 വര്‍ഷങ്ങളില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളിലൂടെ കണ്ടെത്തിയ 6727 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇതില്‍ 371 പേര്‍ കിടപ്പു രോഗികളും 1499 ബുന്ദിമാന്ദ്യം സംഭവിച്ചവരും 1189 പേര്‍ ഭിന്നശേഷിക്കാരും 699 പേര്‍ അര്‍ബുദ രോഗികളും 2969 പേര്‍ മറ്റ് അസുഖ ബാധിതരുമാണ്. 1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച 11 ഗ്രാമപഞ്ചായത്തുകളെ ദുരിതബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍വെച്ച്, ഈ ഗ്രാമപഞ്ചായത്തുകളില്‍ ജീവിച്ചിരുന്നവരോ ജനിച്ചുവളര്‍ന്നരോ ആണെന്നതിന്റെ ജീവശാസ്ത്രപരമായ രേഖകളും ഈ പ്രദേശങ്ങളുമായി വ്യക്തിക്കോ മാതാപിതാക്കള്‍ക്കോ ഉള്ള ബന്ധത്തിന്റെ രേഖകളും താമസം സംബന്ധിച്ച അനുബന്ധ രേഖകളും വിശകലനം ചെയ്താണ് ദേശീയ ആരോഗ്യ ദൗത്യം, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടിക തയാറാക്കിയത്.
17 പ്രമുഖ ആശുപത്രികളില്‍ സൗജന്യ ചികിത്സ
ദുരിതബാധിതര്‍ക്ക് തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, യേനപ്പോയ മെഡിക്കല്‍ കോളജ്, മംഗലാപുരം, കസ്തൂര്‍ബ മെഡിക്കല്‍ കോളജ് മണിപ്പാല്‍ എന്നിവയടക്കം കേരളത്തിലെയും കര്‍ണാടകയിലെയും 17 പ്രമുഖ ആശുപത്രികളില്‍ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭവന പദ്ധതികള്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമായി പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളില്‍ വീട് ലഭ്യമാക്കി. ദുരിത ബാധിതര്‍ക്കായി കാനറ ബാങ്ക് ഭവന നിര്‍മ്മാണ പദ്ധതി, കെ.ഇ.എസ്.ഇ.എഫ്-സുല്‍ത്താന്‍ ഗോള്‍ഡ് ഭവന പദ്ധതി, സത്യസായി ട്രസ്റ്റ് വക ഭവന നിര്‍മ്മാണം എന്നിങ്ങനെ മൂന്ന് ഭവന പദ്ധതികളിലായി സഹായം നല്‍കുന്നുണ്ട്. കാനറ ബാങ്ക് സഹായത്തോടെ 11 ദുരിത ബാധിത പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി.
കാസര്‍കോട് സോഷ്യോ ഇക്കണോമിക്ക് ഫോറം, സുല്‍ത്താന്‍ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത ദുരിത ബാധിതര്‍ക്കായി 15.60 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ഭൂരഹിതരും ഭവന രഹിതരുമായ ദുരിതബാധിതര്‍ക്ക് സ്ഥലവും വീടും സൗജന്യമായി നല്‍കാന്‍ സത്യസായി ട്രസ്റ്റുമായി സഹകരിച്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയും വലിയ ആശ്വാസമായി.
സത്യസായി ട്രസ്റ്റുമായി ചേര്‍ന്ന് ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളിലായി നിര്‍മ്മിച്ച 81 വീടുകളില്‍ 48 വീടുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 33 വീടുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
സാമൂഹിക വികസനത്തിന് സമഗ്ര പദ്ധതികള്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിലുപരി അവരുടെ സാമൂഹിക വികസനത്തിനുതകുന്ന സമഗ്രപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നിരവധി ബഡ്സ് സ്‌കൂളുകള്‍ സ്ഥാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനയാണ് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത്.
ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ആശ്വാസ കിരണ്‍ സഹായമാണ് നല്‍കുന്നത്. കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സയും നല്‍കാനായി മെഡിക്കല്‍ യൂനിറ്റും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ പദ്ധതിയിലും എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുമായി ഫിസിയോ തെറാപ്പിസ്റ്റുമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.