പ്രത്യേക പരിഗണനയും പരിരക്ഷയും ഉറപ്പു വരുത്താന്‍ ശ്രമിക്കുമ്പോള്‍ നിയമസംവിധാനത്തെ ദുര്‍ബലപ്പെടുത്തും വിധം പരാതികള്‍ വരരുതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ കമ്മീഷന്റെ മെഗാ അദാലത്തിലെത്തിയ ഒരു പരാതി ഉദാഹരിച്ചാണ് കമ്മീഷന്‍ നിരീക്ഷണം.

2017ല്‍ കല്യാണം നിശ്ചയിച്ച്, ഒരു വര്‍ഷത്തിനുള്ളില്‍ ഇരു കുടുംബങ്ങളും ആലോചിച്ച ശേഷം കല്യാണം ഒഴിവാക്കിയ സംഭവത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാണ് കമ്മീഷന് മുന്നില്‍ പരാതിയുമായെത്തിയത്. പരാതിക്കാരി വിദേശത്തായതിനാല്‍ ബന്ധുവാണ് സിറ്റിങിന് വന്നത്. ഇ-മെയില്‍ വഴി ലഭിച്ച പരാതിയായതിനാല്‍ പെണ്‍കുട്ടിയെ നേരിട്ടു കേട്ടാല്‍ മാത്രമേ ഇതില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുവദിച്ചു കിട്ടുന്ന അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വഴി നിയമ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുകയാണ്.

ഇത് ശരിയായ നിലപാടല്ലെന്നും ഇത്തരം പരാതികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 23 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു. ഭാര്യയും ഭര്‍ത്താവും പിരിഞ്ഞു താമസിക്കുന്ന കേസില്‍ ആദ്യ സിറ്റിങ്ങില്‍ തന്നെ പരിഹാരം കണ്ടു. മകളും അദാലത്തിനെത്തിയിരുന്നു.

വിശദമായ കൗണ്‍സിലിങ്ങിനൊടുവില്‍ ഇരുവരെയും ഒന്നിപ്പിച്ചു വിട്ടതായും കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ സിറ്റിങിലും എതിര്‍കക്ഷി ഹാജരാകാത്ത ഒരു കേസില്‍ എതിര്‍ കക്ഷിക്ക് നോട്ടീസ് അയക്കാന്‍ ബേക്കല്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കി. അഭിഭാഷക പാനലിലുള്ള രേണുക ദേവി തങ്കച്ചി.എസ്, സിന്ധു.പി എന്നിവരും പങ്കെടുത്തു.