ഇടുക്കി: വീടുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള പഴയ ചെരിപ്പും കുപ്പിച്ചില്ലും മുതല്‍ ഇ-മാലിന്യം വരെയുള്ള പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ ഹരിത കര്‍മ്മസേന ഇനിയെത്തുക പ്രവര്‍ത്തന കലണ്ടര്‍ അടിസ്ഥാനത്തില്‍. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കര്‍മ്മസേന കൃത്യമായ കര്‍മ്മ പദ്ധതിയുമായി രംഗത്തിറങ്ങുന്നത്. ഇതിന് മാലിന്യ ശേഖരണ കലണ്ടര്‍ പഞ്ചായത്തിന്റെ സഹായത്തോടെ പുറത്തിറക്കി. ഓരോ മാസവും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏതായിരിക്കുമെന്ന് കലണ്ടറില്‍ രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ആറായിരത്തോളം വീടുകളിലും അഞ്ഞൂറോളം കടകളിലും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തന കലണ്ടര്‍ സൗജന്യമായി എത്തിക്കും. വീടിന്റെയും സ്ഥാപനങ്ങളുടെയും വിലാസം, ഫോണ്‍ നമ്പര്‍, സന്ദര്‍ശന ഡയറി എന്നിവ കലണ്ടറിലുണ്ട്. ഓരോ വാര്‍ഡിലും രണ്ട് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കാണ് ചുമതല്ല. ഇത്തരത്തില്‍ പഞ്ചായത്തിലാകെ 30 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കും. സേവനത്തിന് വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപയുമാണ് മാസം യൂസര്‍ ഫീസായി ഈടാക്കുക. പഴയ ചെരുപ്പ്, ബാഗ്, തെര്‍മ്മോക്കോള്‍, മരുന്ന് സ്ട്രിപ്പ്, കണ്ണാടി, കുപ്പിച്ചില്ല്, ഇ-മാലിന്യം, തുണി മാലിന്യം തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് ശേഖരിക്കുക.
പന്നിമറ്റത്ത് നടന്ന മാലിന്യ ശേഖരണ കലണ്ടര്‍ വിതരണ ചടങ്ങ് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രാജു കുട്ടപ്പന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലി ജോസി, പഞ്ചായത്തംഗങ്ങളായ കബീര്‍ കാസിം, ഷെമീന അബ്ദുള്‍ കരിം, രേഖാ പുഷ്പരാജ്, രാജി ചന്ദ്രശേഖരന്, രാജേഷ് ഷാജി, പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യന്‍.പി.എസ്, വിഇഒ ശരത്.എം, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ആന്‍സി മാത്യു, സെക്രട്ടറി സെലിന് ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പന്നിമറ്റം ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന കലണ്ടര്‍ വിതരണം ചെയ്തു.
വീടുകളില്‍ ഹരിത കര്‍മ്മ സേനയെത്തും; ചെരിപ്പും കുപ്പിച്ചില്ലും ഇ-മാലിന്യവും ശേഖരിക്കും
Home /ജില്ലാ വാർത്തകൾ/ഇടുക്കി/വീടുകളില്‍ ഹരിത കര്‍മ്മ സേനയെത്തും; ചെരിപ്പും കുപ്പിച്ചില്ലും ഇ-മാലിന്യവും ശേഖരിക്കും