എറണാകുളം : കണ്ടെയ്‌നർ ലോറികൾ കൂട്ടത്തോടെ അശാസ്ത്രീയമായി പാർക്കിംഗ് നടത്തുന്നത് മൂലം വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ കളമശ്ശേരി വരെയുള്ള ഭാഗത്ത് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച ചെയ്‌തു പരിഹാരമുറപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.
ദിവസേന നിരവധിപേർ എത്തുന്ന അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്ക ഉൾപ്പെടുന്ന പ്രദേശത്ത് അശാസ്ത്രീയവും ക്രമരഹിതവുമായ പാർക്കിംഗ് മൂലം അപകടവും ജീവഹാനിയും സാമൂഹ്യവിരുദ്ധശല്യവും വർധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി പരിഹാരം ഉറപ്പുനൽകിയത്.
പ്രാദേശികമായി ഒറ്റപ്പെട്ട നിലയ്ക്കുള്ള പ്രശ്‌നമാണെങ്കിലും ഇതിനെ പൊതുവിഷയമായി കണക്കിലെടുത്ത് കർശന ഇടപെടൽ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ക്രമാനുസൃതമല്ലാത്ത പാർക്കിംഗ് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ശ്രദ്ധയിൽപ്പെടുത്തി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.