കൊല്ലം: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കാനും അണുവിമുക്തമാക്കാനും തദ്ദേശസ്ഥാപനങ്ങളും. കരീപ്ര ഗ്രാമ പഞ്ചായത്തിലെ ഡി. സി. സി.യായി പ്രവര്‍ത്തിച്ചിരുന്ന കുഴിമതിക്കാട് ഹയര്‍ക്‌സെക്കന്ററി സ്‌കൂള്‍ അണുവിമുക്തമാക്കി തുടങ്ങി. പൂര്‍ണ അണുവിമുക്തിക്കായി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും എന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് വാക്‌സിനേഷനും ഊര്‍ജ്ജിതമാക്കി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 98 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ഗോപന്‍ പറഞ്ഞു. കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 99 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിന്‍ 95 ശതമാനം പൂര്‍ത്തീകരിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ 45 ശതമാനമായി. പാലിയേറ്റീവ് രോഗികള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളിലെത്തിയുള്ള വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.