കല്‍പ്പറ്റ: ട്രാന്‍ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ശില്പശാല നടന്നു. നീതി ആയോഗ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. കാമരാജിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഉദ്യോഗസ്ഥരുടെ ഇടപ്പെടലും സഹകരണവുമാണ് പദ്ധതിയുടെ വിജയത്തിനാവശ്യമെന്ന് ഡോ. കെ. കാമരാജ് പറഞ്ഞു.

സാമൂഹിക – സാമ്പത്തിക സൂചകങ്ങളുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ പുരോഗതി വിലയിരുത്തുക. ഇതിനായി കൃത്യമായ വിവരങ്ങള്‍ കണ്ടെത്തി കാലതാമസമില്ലാതെ നീതി ആയോഗിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്തണം. അതിനായി ഒരോ മേഖലകള്‍ക്കും യൂസര്‍നെയിമും പാസ് വേര്‍ഡും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മാനവിക വികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി പ്രശ്‌നങ്ങള്‍ പഠിക്കണം. തുടര്‍ന്ന് ഉറപ്പാക്കിയ വിവരങ്ങള്‍ നീതി ആയോഗിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തി ഇതിനായി ഒരുമിപ്പിക്കണം. ഈ വിവരങ്ങളുടെ പുരോഗതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിദഗ്ധ സംഘം പരിശോധിക്കും. അതിനു മുമ്പായി ഓരോ ഘട്ടത്തിലുമുണ്ടാകുന്ന നിര്‍വഹണ പുരോഗതികള്‍ കാലതാമസമില്ലാതെ സൈറ്റില്‍ ഉള്‍പ്പെടുത്തണം.

നിലവിലെ സാഹചര്യത്തില്‍ വയനാട് ജില്ല വിവരങ്ങള്‍ പൂര്‍ണ്ണമായി സൈറ്റില്‍ നല്‍കിയിട്ടില്ല. പ്രവര്‍ത്തന പുരോഗതിയില്‍ ജില്ലകളുടെ റാങ്കിംഗ് 2018 മാര്‍ച്ചില്‍ ആരംഭിച്ചതാണ്. എന്നാല്‍ വയനാട് ജില്ലയ്ക്ക് മാര്‍ച്ചു മുതല്‍ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ സൈറ്റില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ വിവരങ്ങള്‍കൂടി എത്രയും വേഗം സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഡോ. കെ. കാമരാജ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുക ദീര്‍ഘക്കാല അടിസ്ഥാനത്തിലുള്ള ഫലമനുസരിച്ചല്ലെന്നും ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ പ്രധാന പ്രത്യേകത തല്‍സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അവലോകനമാണെന്നും ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍, ജി.ബാലഗോപാല്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ പങ്കെടുത്തു.