മികച്ച ക്ഷീരോല്പാദക സംസ്ഥാനത്തിനുളള ഇന്‍ഡ്യ ടുഡേ ഗ്രൂപ്പിന്റെ ദേശീയ പുരസ്‌ക്കാരം ക്ഷീര രംഗത്തെ കൂട്ടായ പ്രവര്‍ത്തനത്തിന് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വനം-വന്യജീവി-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന് ജില്ലയില്‍ നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര മേഖലയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പല സംസ്ഥാനങ്ങളെയും പിന്‍തളളിയാണ് കേരളം അംഗീകാരത്തിന് അര്‍ഹത നേടിയത്. പാലു ഉല്പാദനത്തിലും പശുക്കളുടെ എണ്ണത്തിലുമുളള വര്‍ദ്ധനവ്, സഹകരണ മേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിക്കല്‍, ശ്രദ്ധേയമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍, പാലിന്റെ വില വര്‍ദ്ധനവ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം ലഭ്യമായത്. ക്ഷീരമേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് പുതുതലമുറ മുന്നോട്ട് വരാന്‍ തയ്യാറായിട്ടുളള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പൗരാവലിയുടെ സ്‌നേഹോപഹാരം അദ്ദേഹം മന്ത്രി അഡ്വ. കെ. രാജുവിന് സമ്മാനിച്ചു. ക്ഷീരോല്പാദനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധനവ് കൈവരിക്കാന്‍ സാധിച്ചത് കേരള ഫീഡ്‌സ്, മില്‍മ, കെഎല്‍ഡി ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സംഘങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവയുടെ കൂട്ടായ ശ്രമങ്ങളിലൂടെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ. രാജു പറഞ്ഞു. 21 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡ്, ഐസിഎആര്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍, പ്രമുഖ കര്‍ഷക സംഘടനകള്‍ എന്നിവയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ക്ഷീരമൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ക്ക് പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേകമായി പദ്ധതികള്‍ നടപ്പാക്കിയതും ക്ഷീരമേഖലയെ സജീവമാക്കിയതെന്ന തെളിവുകൂടിയാണ് അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി കെ. രാധാമോഹന്‍സിംഗ് ആവശ്യപ്പെട്ട പ്രകാരം 2018 ഡിസംബറോടെ കേരളം പാലില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 250 ലക്ഷം രൂപ ചിലവഴിച്ചുളള ഡയറി സോണ്‍ പദ്ധതി ഉള്‍പ്പടെയുളള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനായി ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എം ദിലീപ് പൊതു അവതരണം നടത്തി. സി.കെ ആശ എം.എല്‍.എ,, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, ഇആര്‍സിഎംപിയു ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ് ഇന്ദുശേഖരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എല്‍.എന്‍ ശശി, കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനി കുമാരി, ഇആര്‍സിഎംപിയു ഡയറക്ടര്‍ ജോമോന്‍ ജോസഫ് ക്ഷീരസംഘം ഭാരവാഹികള്‍, ക്ഷീരകര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇആര്‍സിഎംപിയു ചെയര്‍മാന്‍ സോണി ഈറ്റയ്ക്കല്‍ സ്വാഗതവും കുടവെച്ചൂര്‍ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് അറയ്ക്കല്‍ സുന്ദരന്‍ നന്ദിയും പറഞ്ഞു.