ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്കായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കൊല്ലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും സംയുക്തമായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍. ഹരികുമാര്‍ നിര്‍വഹിച്ചു.

സമൂഹത്തിന്റെ താഴേത്തട്ടുമായി അടുത്തിടപഴകുന്ന കൗണ്‍സിലര്‍മാര്‍ക്ക് നിയമവശങ്ങള്‍ അടുത്തറിയുന്നതിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സി. ആര്‍. ബിജു കുമാര്‍ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സെക്രട്ടറി പി. കെ സജീവ്, കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ആര്‍. പട്ടത്താനം, കൊല്ലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ദയ തുടങ്ങിയവര്‍ പങ്കെടുത്തു.