സാര്‍വ്വത്രിക രോഗ പ്രതിരോധ ചികില്‍സാ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ചു. പുതിയതായി ആരംഭിച്ച ഈ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള സംശയങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. അത്തരം സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.

1. ന്യൂമോകോക്കല്‍ രോഗം തടയുന്നതിന് സാര്‍വ്വത്രിക പ്രതിരോധ ചികില്‍സാ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുത്തിവയ്പ് ഏത്?

ന്യൂമോകോക്കല്‍ കോണ്‍ ജുഗേറ്റ് വാക്സിന്‍ അഥവാ പി.സി .വി.

2 .എന്തിനാണ് ശിശുക്കള്‍ക്ക് ഈ വാക്സിന്‍ നല്‍കുന്നത്?

ഈ കുത്തിവയ്പിലൂടെ ശിശുക്കളിലെ ന്യൂമോകോക്കല്‍ രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാം. മാത്രമല്ല ഇതിലൂടെ സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ക്കും ഈ രോഗബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കാം

3 .ഏതെല്ലാം രോഗങ്ങളാണ് ന്യൂമോകോക്കല്‍ രോഗാണുബാധമൂലം ഉണ്ടാകുന്നത്?

മെനിഞ്ചൈറ്റിസ്, സെപ്റ്റിസീമിയ, ന്യൂമോണിയ, സൈനു സൈറ്റിസ്, തുടങ്ങിയവ

4 .ഈ കുത്തിവയ്പ്പിന് എത്ര ഡോസുകള്‍ ഉണ്ട് ?

മൂന്ന് ഡോസുകള്‍.

5 .ഏതെല്ലാം പ്രായത്തിലാണ് ഈ ഡോസുകള്‍ നല്‍കുന്നത്?

ആഴ്ച്ച ഒന്നാം ഡോസ് ,14 ആഴ്ച്ച രണ്ടാം ഡോസ്,9 മാസം മൂന്നാം ഡോസ് .

6. എല്ലാ ശിശുക്കള്‍ക്കും ഈ വാക്സിന്‍ നല്‍കാമോ?

മാസം തികയാതെ ജനിച്ച ശിശുക്കള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, പോഷക ന്യൂനതയുള്ളവരുള്‍പ്പെടെയുള്ള എല്ലാ ശിശുക്കള്‍ക്കും ഈ വാക്സിന്‍ നല്‍കാം. വാക്സിന്‍ ഘടകങ്ങളോട് അലര്‍ജിയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ പാടില്ല.

7. ഈ വാക്സിനേഷന്‍ മൂലം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ ഏതെല്ലാമാണ?

ചെറിയ പനി,കുത്തിവച്ച ശരീര ഭാഗത്ത് ചെറിയ വേദന എന്നീ പാര്‍ശ്വഫലങ്ങള്‍ കുത്തിവയ്പ്പെടുത്ത 5% ശിശുക്കളില്‍ ഉണ്ടാകാം. ഒരു ഡോസ് പാരസെറ്റമോള്‍ നല്‍കി ഈ പാര്‍ശ്വഫലങ്ങളില്‍ നിന്ന് മുക്തി നേടാം.

8. എത്ര അളവ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍ കുന്നത്?
0.5 മി.ലി.

9 ശരീരത്തില്‍ എവിടെയാണ് ഈ വാക്സിന്‍ കുത്തിവയ്ക്കുന്നത്?
വലതുകാലിലെ മധ്യ തുടയുടെ ആന്റിറോ ലാറ്ററല്‍ വശത്ത്.

10. ഈ വാക്സിന്‍ സൗജന്യമാണോ?
സാര്‍വ്വത്രിക രോഗ പ്രതിരോധ ചികില്‍സാ പരിപാടിയുടെ ഭാഗമായി നല്‍കുന്ന ഈ വാക്സിന്‍ പൂര്‍ണ്ണമായും സൗജന്യമാണ്.

11. ഒരു ദിവസം ഒന്നിലധികം പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാമോ?

ഒരു ദിവസം തന്നെ ഒന്നിലധികം പ്രതിരോധ കുത്തിവയ്പുകള്‍ സുരക്ഷിതമായി നല്‍കാം. ഇതിലൂടെ പലരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കാം .പല തവണത്തെ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം.

പുതിയതായി ആരംഭിച്ചിരിക്കുന്ന ഈ വാക്സിനേഷന്‍ അര്‍ഹരായ എല്ലാ ശിശുക്കള്‍ക്കും ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍.അറിയിച്ചു.