എറണാകുളം: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് വനിതാശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പൊന്‍വാക്ക് ‘ ബോധവത്ക്കരണ പദ്ധതിയുടെ ജില്ലാതല വിളംബരം സംഘടിപ്പിച്ചു. ചാക്യാര്‍ക്കൂത്തിന്‍റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച ശൈശവവിവാഹ പ്രതിരോധ ബോധവത്ക്കരണ പദ്ധതിയാണ് പൊന്‍വാക്ക്.

ശൈശവ വിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ വനിതാശിശു വികസന വകുപ്പിനെ വിവരം അറിയിക്കാം. വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം നല്‍കും.

ബോധവത്ക്കരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന ശങ്കര്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച അവള്‍ പറന്നുയരട്ടെ എന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്‍റെ ഉദ്ഘാടനം എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ നിര്‍വഹിച്ചു. അസിസ്റ്റന്‍റ് കളക്ടര്‍ സച്ചിന്‍ യാദവ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിനി കെ. എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.