എറണാകുളം: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള സ്കൂള്‍ മാനസികാരോഗ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കൂള്‍ കുട്ടികളുടെ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍ ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 250 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
‘അസമത്വ ലോകത്ത് മാനസികാരോഗ്യം ഉറപ്പാക്കാം ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ശ്രീനന്ദന എം.എസ് (പള്ളുരുത്തി എസ്.ഡി.പി.വൈ മോഡൽ സ്കൂൾ), യു.പി വിഭാഗത്തില്‍ കൃഷ്ണ ഹാപ്പി കടത്തനാട് ( ചിന്മയ സ്കൂൾ കണ്ണമ്മാലി), ഹൈസ്കൂള്‍ വിഭാഗത്തില്‍ അന്റോണോ ലൂയിസ് (സെന്റ്. ജോൺ ഡി ബ്രിറ്റോ സ്കൂൾ ഫോർട്ട്കൊച്ചി) എന്നിവര്‍ വിജയികളായി.
വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സവിത, ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. സൗമ്യ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
