18ന് തുടക്കം
നവംബർ ഒന്നിന് അധ്യയനം ആരംഭിക്കുന്ന വിദ്യാലയങ്ങൾ സജ്ജീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അകന്നിരിക്കാം ഒത്തു പഠിക്കാം ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ , വിവിധ വകുപ്പുകൾ എന്നിവരുടെ സഹകരണ ത്തോടെയാണ് ക്യാമ്പയ്ൻ നടത്തുന്നത്.

ക്യാമ്പയിനിന്റെ ഭാഗമായി
ഒക്ടോബർ 18 മുതൽ 23 വരെ അഞ്ചു ദിവസത്തെ ശുചീകരണ യജ്ഞം നടത്തും. ഒക്ടോബർ 25 നു മുമ്പായി മുഴുവൻ സ്കൂളുകളിലും ശുചീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 18ന് ജില്ലാതല ഉദ്ഘാടനം നടക്കും.

വിദ്യാലയങ്ങളിലെ പുല്ലുകൾ നീക്കം ചെയ്യുക , ഡെസ്ക് , ബഞ്ച് ഉൾപ്പടെയുള്ള ഉപകരണങ്ങൾ കഴുകി വൃത്തിയാക്കുക, അണുനശീകരണം നടത്തുക എന്നിവയാണ് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. തൊഴിലുറപ്പ് തൊഴിലാളികളെയും ഉൾപ്പെടുത്തും. പ്രദേശവാസികൾക്കും സന്നദ്ധ സംഘടനകൾക്കും യജ്ഞത്തിൽ പങ്കാളികളാകാം. അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അണു നശീകരണവും പൂർത്തിയാക്കും.

ക്യാമ്പയ്നിൽ വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്താൻ വിമുഖത കാണിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം കൗൺസലിംഗും ഒരുക്കുന്നുണ്ട്. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഓൺലൈൻ കൗൺസലിംഗാണ് നൽകുക.
ഓരോ സ്കൂളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി സ്കൂൾ തല ആർ ആർ ടി രൂപീകരിക്കും. അതോടൊപ്പം വിദ്യാലയ ആരോഗ്യ സംരക്ഷണ സമിതി ഒക്ടോബർ 16 നു മുമ്പായി മുഴുവൻ വിദ്യാലയങ്ങളിലും രൂപീകരിക്കും. സ്കൂൾ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണവും ഏകദിന പരിശീലനവും നൽകും. മാലിന്യ സംസ്കരണം ശുചിത്വ മിഷനുമായി സഹകരിച്ച് പൂർത്തിയാക്കും.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച അധ്യാപകർക്കും ജീവനക്കാർക്കും മാത്രമായിരിക്കും വിദ്യാർഥികൾ എത്തുമ്പോൾ വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകുക. ഇതുവരെ വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അതിനുള്ള
സൗകര്യം ഏർപ്പെടുത്തും.
ക്ലാസ് മുറികളിൽ കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പ്രദർശിപ്പിക്കും. ക്ലാസ് റൂമുകളിലും പ്രവേശന കവാടങ്ങളിലും കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച നോട്ടീസുകളും പതിപ്പിക്കും.