പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിത കർമ്മ സേനയ്ക്ക് ഇനി സ്വന്തം ഇ- ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020 – 21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ പാണഞ്ചേരി പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ ലഭിച്ചത്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത മിഷൻ ഫണ്ടും ഉപയോഗിച്ച് ഏകദേശം 25 ലക്ഷം രൂപ വകയിരുത്തിയാണ് ഇ-ഓട്ടോ സ്വന്തമാക്കിയത്. ഇതിന് പുറമെ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾക്കാവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി വാസുദേവനാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. 32 ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് സ്വന്തമായി വാഹനം ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ പറഞ്ഞു.