പകർച്ചവ്യാധിക്കെതിരെ കടവല്ലൂർ പഞ്ചായത്തിൽ ബ്ലൂ ആർമി പദ്ധതി ആരംഭിച്ചു. 20 ദിവസം കൊണ്ട് ശുചിത്വവും ആരോഗ്യ സംരക്ഷണവുമാണ് ബ്ലൂ ആർമി ലക്ഷ്യമിടുന്നത്. പെരുമ്പിലാവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ 28 വൊളന്റിയർമാരാണ് 20 വാർഡുകളിലും പ്രവർത്തിക്കുന്നത്. കൊതുകു നിവാരണം, കിണറുകളിലെ വെള്ളം ശുദ്ധീകരിക്കൽ, ആരോഗ്യ സർവേ, ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ഗ്രൂപ്പ് തിരിഞ്ഞ് പഞ്ചായത്തിലെ എല്ലാ വീടുകളിലും ബ്ലൂ ആർമി പ്രവർത്തകർ എത്തും. ഒരു ദിവസം ഒരു വാർഡ് എന്ന കണക്കിൽ 20 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.ആർ. കെ എസ് രഞ്ജിത്, വി ജി രാജി, എം കെ സീനത്ത് തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ചൊവ്വാഴ്ച (ഒക്ടോബർ 12 ) വാർഡ് രണ്ടിലാണ് ബ്ലൂ ആർമി പ്രവർത്തനം നടത്തിയത്. വാർഡ് മെമ്പർ നുസ്രത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്ലൂ ആർമി പ്രവർത്തകർ ബോധവൽക്കരണം, കൊതുകു നിവാരണം, കിണർ ശുചീകരണം എന്നിവ നടത്തി.ബ്ലൂ ആർമി 20 ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ക്ലോറിനേഷൻ, ലഘുലേഖ വിതരണം, കൊതുക് പ്രജനന നശീകരണ പരിപാടികൾ, പ്രതിരോധ ബോധവൽക്കരണ സന്ദേശം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ പ്രഭാത് മുല്ലപ്പിള്ളി, പി വി ജയകുമാർ, മെഡിക്കൽ ഓഫീസർ എൻ അഭിലാഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി കെ ജീജ തുടങ്ങിയവർ പങ്കെടുത്തു.