കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുകയും ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രതാ സംവിധാനം ശക്തമാക്കി.

ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതി വിലയിരുത്തി.

രാപ്പകൽ ജാഗ്രത ഉറപ്പാക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിക്കുന്നതിനും അടിയന്തര സാഹചര്യത്തിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും ജില്ലാ കളക്ടർ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പ്രതിരോധം ഉറപ്പാക്കണം. വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന കോവിഡ് രോഗികളെ ആലപ്പുഴ ഡി.സി മിൽസ് സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റണം. പാലിയേറ്റീവ് രോഗികൾക്കായി ആലപ്പുഴയിൽ പ്രത്യേക ക്യാമ്പ് സജ്ജമാക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.

പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ പാടശേഖരങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ജനജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ തുറന്നു വിടുന്നതിന് പാടശേഖര സമിതികൾക്ക് പഞ്ചായത്തുകൾ നിർദേശം നൽകണം. പാടശേഖര സമിതികൾ ഇതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തുകൾ നേരിട്ട് വെള്ളം തുറന്നുവിട്ട ശേഷം ഇതിനു വേണ്ടിവരുന്ന ചെലവ് പാടശേഖര സമിതികളിൽ നിന്ന് ഈടാക്കണം.

നീരൊഴുക്ക് തടസ്സപ്പെട്ട പൊഴികൾ അടിയന്തരമായി മുറിക്കുന്നതിന് അതത് തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.

വൈദ്യുതി ലൈനുകൾ താഴ്ന്നു കിടന്ന് അപകടത്തിന് ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കെഎസ്ഇബിക്ക് യോഗം നിർദ്ദേശം നൽകി.
വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിൽ അടിയന്തര സേവനം ലഭ്യമാക്കുന്നതിന് അഗ്നിരക്ഷാസേന ജാഗ്രത പുലർത്തണം.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് എൻഡിആർഎഫ് 21 അംഗ സംഘം ഇന്നലെ ജില്ലയിലെത്തിയതായി കളക്ടർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി. ഏബ്രഹാം, മറ്റ് ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, കുട്ടനാട് താലൂക്കിലെയും തീരദേശ മേഖലകളിലെയും വില്ലേജ് ഓഫീസർമാർ, റവന്യൂ, തദ്ദേശ സ്വയംഭരണം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, ഇറിഗേഷൻ വകുപ്പുകളുടെയും കെഎസ്ഇബിയുടെയും പ്രതിനിധികൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.