സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൃത്തിയാക്കുന്നതിനും മുന്‍ഗണന നല്‍കി തദ്ദേശസ്ഥാപനങ്ങള്‍.
പത്തനാപുരം പഞ്ചായത്തില്‍ പോലീസ്, ഹരിത കര്‍മ്മസേന, യുവജന സംഘടനകള്‍, പ്രാദേശിക തല ക്ലബ്ബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി പഞ്ചായത്ത്തല യോഗം ചേര്‍ന്നു.

ഒക്ടോബര്‍ 20നകം പഞ്ചായത്തിലെ ഒമ്പത് സ്‌കൂളുകളിലെയും ഒന്നാം ഘട്ട ശുചീകരണം പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു. കുട്ടികള്‍ കൂട്ടം കൂടുന്നത് അടക്കമുള്ളവ നിരീക്ഷിക്കുന്നതിന് പോലീസ്, സ്‌കൂള്‍ പരിസരങ്ങളിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍, കച്ചവടക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

പട്ടാഴി പഞ്ചായത്തില്‍ അധ്യാപകര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് വിഭാഗം തൊഴിലാളികള്‍ എന്നിവരുള്‍പ്പെട്ട യോഗം ചേര്‍ന്ന് ഒക്ടോബര്‍ 25 നകം ശുചീകരണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെന്ന് പ്രസിഡന്റ് കെ. അശോകന്‍ അറിയിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 98 ശതമാനം പൂര്‍ത്തിയായി. പാലിയേറ്റീവ് വിഭാഗത്തിന്റെ വാക്‌സിനേഷനും പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ പറഞ്ഞു.