ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ ഇൻഫർമേഷൻ ഓഫീസ് പിആർ ചേംബറിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നിർവഹിച്ചു. ‘പത്രപ്രവർത്തകനായ ഗാന്ധിജി’ എന്ന വിഷയത്തിൽ കെ.വി. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. എല്ലാ തൊഴിലിനും മഹത്വമുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും മഹത്വമുള്ളത് വിയർപ്പ് ചീന്തി മണ്ണിൽ പണിയെടുക്കുന്നവർക്കും റോഡിൽ പണിയെടുക്കുന്നവർക്കുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പത്രപ്രവർത്തനം നടത്തിയതിന് ഗാന്ധിജി ആറ് വർഷം ബ്രിട്ടീഷുകാരാൽ ശിക്ഷിക്കപ്പെട്ടു. പത്രാധിപർ എന്ന നിലയിൽ ബ്രിട്ടീഷ് ഭരണകൂടത്തെ അതിനിശിതമായി വിമർശിച്ച് 1921ലും 1922ലും മൂന്ന് മുഖപ്രസംഗം എഴുതിയതിനായിരുന്നു ഗാന്ധിജിയുടെ ജയിൽശിക്ഷ. പക്ഷേ, ഗാന്ധിജി ഒരിക്കൽ പോലും താൻ ചെയ്ത പ്രവൃത്തിയെ തള്ളിപ്പറഞ്ഞ് ജാമ്യമെടുക്കാൻ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം. അധ്യക്ഷനായി. പ്രൊഫ. വി. ഗോപിനാഥ്, കാസർകോട് പ്രസ് ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഹാഷിം എന്നിവർ ആശംസ അർപ്പിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ് സ്വാഗതവും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ ജി.എൻ. പ്രദീപ് നന്ദിയും പറഞ്ഞു.

എൽപി വിഭാഗം ചിത്രരചന മത്സരത്തിൽ എം.വി. ആദിനാഥ് (രാജപുരം ടാഗോർ പബ്ലിക് സ്‌കൂൾ), കാർത്തിക മാധവ് (സദ്ഗുരു പബ്ലിക് സ്‌കൂൾ) എം. ദേവ്ന (ബേക്കൽ ഇന്റർനാഷനൽ സ്‌കൂൾ) എന്നിവരും ചിത്രരചന യു.പി.വിഭാഗത്തിൽ കെ. ആനന്ദകൃഷ്ണൻ (ബെല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ്), ഫെലിറ്റ് എലിസ ജീമോൻ (രാജപുരം ഹോളി ഫാമിലി സ്‌കൂൾ), പി.വേദ (പേരൂർ സദ്ഗുരു പബ്ലിക് സ്‌കൂൾ) എന്നിവരും ചിത്രരചന ഹൈസ്‌കൂൾ വിഭാഗത്തിൽ ആർ.എം. ശിവഗംഗ (കക്കാട്ട് ജി.എച്ച്.എസ്.എസ്), വിഷ്ണുലാൽ വിജയൻ (ഉദുമ ജി.എച്ച്.എസ്.എസ്), സാരംഗ് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്‌കൂൾ) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കുള്ള ഉപഹാരവും മെമന്റോയും ജില്ലാ കളക്ടറിൽനിന്ന് ഏറ്റുവാങ്ങി.

ഹയർസെക്കൻഡറി, കോളേജ് വിഭാഗം പ്രസംഗ മത്സരത്തിൽ ആര്യ നാരായണൻ (പെരിയ ജവഹർ നവോദയ വിദ്യാലയ), അഭിനവ് (എടനീർ എച്ച്.എച്ച്.എസ്.ഐ.ബി.എസ് എച്ച്.എസ്.എസ്), അശ്വിനി അശോക് (നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞങ്ങാട്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കുള്ള ഉപഹാരവും മെമന്റോയും സ്വീകരിച്ചു.