പുത്തൂര്‍വയല്‍: മഴക്കാലത്ത് പ്രകൃതിയെ തൊട്ടറിയുന്നതിനും തവളകളെയും പക്ഷികളെയും കണ്ടറിയുന്നതിനും ശാസ്ത്രീയമായി പഠിക്കുന്നതിനുമായി പ്രകൃതിസ്നേഹികള്‍ക്കായി പുത്തൂര്‍വയലിലുള്ള എം.എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മണ്‍സൂണ്‍ ബാഷ് സംഘടിപ്പിക്കും. ഈമാസം 21 മുതല്‍ ആഗസ്ത് 19 വരെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പഠനശിബിരം.

മണ്‍സൂണ്‍ ബാഷില്‍ മഴത്തുള്ളികള്‍, പക്ഷിനിരീക്ഷണം എന്നീ രണ്ടു പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഴത്തുള്ളികളില്‍ 21 ഇനം തവളകളെയും പോക്കാംതവളകളെയും കണ്ടറിയുന്നതിനും അവയുടെ ജീവിതരീതി മനസ്സിലാക്കുന്നതിനും അവസരമുണ്ടാവും. രാവിലെ 5.30 മുതല്‍ 9.30 വരെയാണ് പഠനശിബിരങ്ങളുടെ സമയം ക്രമീകരിച്ചിട്ടുള്ളത്. പക്ഷിനിരീക്ഷണം രാവിലെ 5.30 മുതല്‍ 10.30 വരെയാണ്. ജൂലൈ 21, 22, 28, 29 ആഗസ്ത് 4, 5, 11, 12, 18, 19 ദിവസങ്ങളിലാണ് മണ്‍സൂണ്‍ ബാഷ് സംഘടിപ്പിക്കുന്നത്. പരിശീലനം 10 പേര്‍ക്കായി നിജപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമഘട്ട മലനിരകളില്‍ 600തരം പക്ഷികളെ കണ്ടെത്തിയതില്‍ 80 തരം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇരുപതു തരം സ്ഥാനീയ പക്ഷികളില്‍ നാലിനം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. കൂടാതെ ദേശാടനക്കാരായ ധാരാളം പക്ഷികളുമുണ്ട്. പക്ഷികളെ കണ്ടുപഠിക്കുന്നതിനും അവയുടെ ജീവിതരീതി മനസ്സിലാക്കുന്നതിനും അവസരമുണ്ടാവും. കൂടാതെ 42 ഏക്കറിലെ അപൂര്‍വവും വൈവിദ്ധ്യമാര്‍ന്നതുമായ സസ്യലതാദികളെ കണ്ടറിയുന്നതിനും തവള നിരീക്ഷണത്തിലും പക്ഷിനിരീക്ഷണത്തിലും പ്രഗല്‍ഭരായവരുമൊത്ത് സംവദിക്കാനും അവസരമുണ്ടാവും. താല്‍പര്യമുള്ളവര്‍ എം.എസ്.എസ്.ബി.ജിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.