പടിഞ്ഞാറത്തറ: സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ ജില്ലയിലെ എട്ടു പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ഫ്രൂട്ട് വില്ലേജ് പദ്ധതിക്ക് പടിഞ്ഞാറത്തറയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറയില്‍ പാഷന്‍ഫ്രൂട്ട് കൃഷിയാണ് നടപ്പാക്കുന്നത്. പാഷന്‍ഫ്രൂട്ടിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങളും സബ്സിഡിയും നല്‍കുകയാണ് ലക്ഷ്യം. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ കര്‍ഷകര്‍ക്കു തൈ വാങ്ങുന്നതിന് ഒന്നരലക്ഷം രൂപ വകയിരുത്തിയിരുന്നു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു വാങ്ങിയ തൈകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ആയിരത്തോളം കര്‍ഷകര്‍ താല്‍പര്യപൂര്‍വം കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നു.

കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമതി അദ്ധ്യക്ഷരായ ഉഷാ വര്‍ഗീസ്, എം.പി നൗഷാദ്, അംഗങ്ങളായ ഹാരിസ് കണ്ടിയന്‍, സിന്ധു പുറത്തൂട്ട്, കെ.എസ് സന്തോഷ് കുമാര്‍, അമ്മദ് കട്ടയാടന്‍, ആസ്യ ചേരാപുരത്ത്, സി.ഡി.എസ് അദ്ധ്യക്ഷ ജിഷ ശിവരാമന്‍, കൃഷി ഓഫിസര്‍ സായൂജ്, കൃഷി അസിസ്റ്റന്റ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു.