തെങ്ങുകൃഷി വിപുലപ്പെടുത്തുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 2018-2019 ല്‍ ജില്ലയില്‍ എട്ടു ഗ്രാമങ്ങള്‍ കൂടി തെരഞ്ഞെടുത്തു. കോങ്ങാട് മണ്ഡലത്തില്‍ നിന്നും കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എരിമയൂര്‍, നെന്മാറയില്‍ നിന്നും മുതലമട, ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ അനങ്ങനടി, പട്ടാമ്പി മണ്ഡലത്തിലെ കൊപ്പം, മലമ്പുഴ നിയോജകമണ്ഡലത്തിലെ പുതുപ്പരിയാരം, പുതുശേരി, മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ അലനെല്ലൂര്‍, കോട്ടോപ്പാടം എന്നീ ഗ്രാമങ്ങളെയാണ് ജില്ലയില്‍ നിന്നും കൃഷി വകുപ്പ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തെരഞ്ഞെടുത്ത കരിമ്പ, കരിമ്പുഴ, കടമ്പഴിപ്പുറം പഞ്ചായത്തുകളില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതിലൂടെ തെങ്ങുകൃഷി വിപുലമാക്കാന്‍ സാധിച്ചു. തെങ്ങിന്റെ ഇട കിളക്കുക, തടമെടുക്കുക, പുതയിടുക, ജീവാണു വളപ്രയോഗം, ജൈവ കീടനാശിനികളുടേയും കുമിള്‍നാശിനികളുടേയും പ്രയോഗം, കേടുവന്ന തെങ്ങ് വെട്ടിമാറ്റല്‍, തൈനടല്‍, ഇടവിളകൃഷി, തേങ്ങ ഇടുന്നതിനുള്ള യന്ത്രം, കേര നഴ്സറി, പമ്പ് സെറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിയില്‍ കൃഷിക്കായി കര്‍ഷകന് ആനുകൂല്യം ലഭ്യമാകും. 250 ഹെക്ടര്‍ തെങ്ങുകൃഷിയുള്ള ഗ്രാമങ്ങളാണ് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. തെങ്ങു പുനര്‍കൃഷിക്ക് 35 രൂപ, പുതയിടീലിന് 50, കുമ്മായം, വളം എന്നിവയ്ക്ക് 50, കേടുവന്ന തെങ്ങ് വെട്ടിമാറ്റുന്നതിന് ഒരു തെങ്ങിന് 500 രൂപയും ലഭിക്കും. ഇടവിള കൃഷിക്ക് 6000 രൂപവരെയും കര്‍ഷകര്‍ക്കു നല്‍കും. തെങ്ങുകയറ്റ യന്ത്രത്തിന് 2000, ജലസേചനത്തിനായി ഹെക്ടറിന് 25,000, തെങ്ങ് നഴ്‌സറി ആരംഭിക്കാന്‍ 50,000, ജൈവവള നിര്‍മാണ യൂനിറ്റിന് 10000 രൂപവരെ നല്‍കും. പ്രത്യേക ക്ലസ്റ്ററുകളാക്കി തിരിച്ച് കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേരഗ്രാമം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും വിലയിരുത്തുന്നതും. തെങ്ങുകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക, നിലവിലുള്ള തെങ്ങുകളുടെ കീടരോഗബാധ നിയന്ത്രിക്കുക, കുറഞ്ഞപ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കുക, തെങ്ങുകൃഷി ആദായകരമാക്കി കൂടുതല്‍ കര്‍ഷകരെ തെങ്ങുകൃഷിയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് കേരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
