പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ശാശ്വത പരിഹാരവുമാവുന്നു. ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ഫലപ്രദമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 34 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന യൂനിറ്റ് പ്രവര്‍ത്തനസജ്ജമായാല്‍ ബ്ലോക്കിനു കീഴിലുള്ള ഏഴു പഞ്ചായത്തുകളിലെ പ്ലാസ്്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ സാധിക്കുമെന്ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു പറഞ്ഞു. കുടുംബശ്രീ യൂനിറ്റുകള്‍ വഴി ശേഖരിക്കുന്ന മാലിന്യം പൊടിച്ച് ടാറിനൊപ്പം റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിനു കീഴില്‍ നടപ്പിലാക്കിയത്. നെല്‍കൃഷി, ജൈവപച്ചക്കറി കൃഷി തുടങ്ങിയ ഉത്പാദനമേഖലക്കായി 1.36കോടിയാണ് ചെലവഴിച്ചിരിക്കുന്നത്. സേവനമേഖലയ്ക്കായി 2.25 കോടിയും പശ്ചാത്തലമേഖലയില്‍ 1.04കോടിയും ചെലവഴിച്ചിട്ടുണ്ട്. സമ്പൂര്‍ണ സോളാര്‍ വൈദ്യുതീകരണം നടത്തി വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചത്. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിര്‍മിക്കുന്ന ഗാസ് ക്രിമറ്റോറിയം, ജലവിതരണത്തിനുള്ള മോട്ടോര്‍പമ്പ്, വൃദ്ധര്‍- പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ക്ക് കട്ടില്‍, മറ്റുപകരണങ്ങള്‍ നല്‍കി വരുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പറളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അറ്റകുറ്റപ്പണി, കോങ്ങാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സോളാര്‍ വൈദ്യുതീകരണം, മറ്റു ആരോഗ്യസ്ഥാപനങ്ങളിലേക്ക് ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങി ആരോഗ്യരംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിനു കീഴില്‍ നടത്തിയത്. ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂര്‍ത്തീകരണത്തിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന് കോടിയോളമാണ് ചെലവഴിച്ചത്. ഇതിനു പുറമെ മണ്ണൂര്‍, കേരളശ്ശേരി പഞ്ചായത്തുകള്‍, ആഴ്ചത്ത് ഭരതന്‍കുന്ന് എസ്.സി കോളനി എന്നിവിടങ്ങളില്‍ സാംസ്‌ക്കാരിക നിലയങ്ങള്‍, പട്ടികജാതിക്കാരുടെ സാംസ്‌ക്കാരിക ഉന്നമനത്തിനായി ബ്ലോക്ക് ഓഫീസ് പരിസരത്ത് അംബേദ്കര്‍ ഭവന്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി റോഡുകള്‍ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുകയും നിരവധി കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതികളായ ലൈഫ്, ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കാനും നല്‍കുന്ന ജില്ലാ പദ്ധതികള്‍ മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി യോജിച്ച് നടപ്പിലാക്കാനും പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.