പൈതൃക വിനോദ സഞ്ചാരത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ചരിത്ര സ്മരണകളുറങ്ങുന്ന ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും പൈതൃക നടത്തം. ഒക്ടോബർ 17 ഞായറാഴ്ച്ച രാവിലെ 7.30ന് ഫോർട്ടുകൊച്ചിയിലെ ഫോക് ലോർ സമുച്ചയത്തിൽ നിന്നാരംഭിക്കുന്ന നടത്തത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ പെട്ടവരും പൊതുജനങ്ങളും പങ്കെടുക്കും.

ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും വിവിധ കേന്ദ്രങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവരശേഖരണം നടത്തുകയും, ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയാറാക്കുകയുമാണ് പൈതൃക നടത്തത്തിന്‍റെ ലക്ഷ്യം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൈതൃക മേഖലയിലൂടെയുള്ള സഞ്ചാരം ആസൂത്രണം ചെയ്തിരിക്കുന്നത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പരിഹാരമാർഗങ്ങള്‍, മുഖ്യപങ്ക് വഹിക്കേണ്ട സർക്കാര്‍ വകുപ്പുകളും ഏജന്‍സികളും, വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എന്നിവ നിശ്ചിത മാതൃകയിൽ തയാറാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റിൽ ഓരോ സംഘവും രേഖപ്പെടുത്തും.

പൈതൃക നഗരി നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവരുടെ ഏകോപനത്തിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ഫോ‍ർട്ടുകൊച്ചി സബ് കളക്ടര്‍ പി. വിഷ്ണുരാജ് എന്നിവർ പറഞ്ഞു. കോവിഡാനന്തര കാലഘട്ടത്തിൽ പൈതൃക ടൂറിസത്തെ സർവപ്രതാപത്തോടെയും വീണ്ടെടുക്കാനുള്ള ദൗത്യത്തിന്‍റെ മുന്നൊരുക്കമാണ് ഈ പദ്ധതി. കഴിഞ്ഞ‌ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ അധ്യക്ഷതയില്‍ ഫോർട്ടുകൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ക്ക് ഇതോടെ തുടക്കമാകും.

പൈതൃക നടത്തത്തിൽ പങ്കെടുക്കുന്ന സംഘങ്ങള്‍ക്ക് കൗണ്‍സിലർമാ‍ർ നേതൃത്വം നൽകും. ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍, ടൂറിസം സംഘടനാ പ്രതിനിധികള്‍, ടൂര്‍ ഗൈഡുകള്‍, ഓട്ടോ, ടാക്സി ഓപ്പറേറ്റ‍ർമാര്‍, കച്ചവടക്കാര്‍ തുടങ്ങി ഈ മേഖലയുടെ ഉന്നമനത്തില്‍ തല്‍പ്പരരായ എല്ലാവരേയും പൈതൃക നടത്തത്തില്‍ പങ്കാളികളാക്കാനാണ് ശ്രമം. ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനായുള്ള ദൗത്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.