ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 22,12, 888 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കൊയ്ത്താരംഭിച്ചിട്ടുണ്ട്. 432 പാടങ്ങളാണ് ഇതുവരെ മില്ലുകാർക്ക് അനുവദിച്ചത്. മില്ല് അനുവദിക്കപ്പെട്ട പ്രദേശങ്ങളിൽ നെല്ല് സംഭരണം കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട്.
നെല്ല് സംഭരണത്തിൽ അനധികൃതമായി കൊണ്ടുവരുന്ന നെല്ല് വിൽക്കാൻ കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു. സ്വന്തമായി ഉത്പാദിപ്പിച്ചതല്ലാത്ത നെല്ല് വിറ്റഴിക്കാൻ ചിലർ കൂട്ടുനിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് രജിസ്ട്രേഷൻ സമയത്തെ സത്യവാങ്മൂലത്തിനെതിരാണ്. ഒന്നാംവിള നെല്ലുസംഭരണത്തിനായി രജിസ്റ്റർ ചെയ്യാൻ എല്ലാവർക്കും അവസരം ഉറപ്പാക്കുന്നുണ്ടെന്നും പി.എം.ഒ അറിയിച്ചു.
ഇതുവരെ രജിസ്റ്റർ ചെയ്തത് 61, 884 കർഷകർ
ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 61, 884 കർഷകർ. ആലത്തൂർ താലൂക്കിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26,652 പേർ. ചിറ്റൂർ 18,906, പാലക്കാട് 14,164, ഒറ്റപ്പാലം 15,31, പട്ടാമ്പി 621, മണ്ണാർക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകൾ.
ജില്ലയിൽ കഴിഞ്ഞവർഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റർ ചെയ്തത് 61, 385 കർഷകരാണ്. സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണ പ്രക്രിയ പൂർത്തീകരിക്കുന്നതു വരെ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.