ഒക്‌ടോബർ ആറു മുതൽ 21 വരെ നടക്കുന്ന നവാരാത്രി മഹോത്‌സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ പരസ്യവാഹനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം സഹകരണം ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. ഉച്ചഭാഷിണികൾ ഘടിപ്പിച്ച് ഓടിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം.
നവരാത്രി മഹോത്‌സവം മികച്ച രീതിയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉത്‌സവത്തിന്റെ ഏകോപന ചുമതല ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമായിരിക്കും. തിരുവനന്തപുരം ജില്ലാ കളക്ടർ കന്യാകുമാരി കളക്ടറുമായി ഏകോപനം നടത്തും. തമിഴ്‌നാട് പോലീസുമായി ഐ. ജി തലത്തിൽ കോഓർഡിനേഷൻ ഉണ്ടാക്കും. ഉടവാൾ കൈമാറ്റ ചടങ്ങ് നടക്കുന്ന പത്മനാഭപുരം കൊട്ടാരത്തിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ചടങ്ങുമായി ബന്ധപ്പെട്ടവർ മാത്രം കയറുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തണം. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ദേവസ്വം പോലീസ് ഉദ്യോഗസ്ഥർക്ക് താമസവും ഭക്ഷണ സൗകര്യവും ഒരുക്കണം. ഘോഷയാത്ര കടന്നുവരുന്ന റോഡുകളിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം വാട്ടർ അതോറിറ്റി ലഭ്യമാക്കും. ആനകൾക്ക് വെള്ളവും തത്കാലിക പന്തലും ഒരുക്കാനും തീരുമാനിച്ചു.
എം. എൽ. എമാരായ വി. എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഐ. ജി. പി ഇ. ജെ. ജയരാജ്, ജില്ലാ പോലീസ് മേധാവി പി. പ്രകാശ്, തമിഴ്‌നാട് ജോയിന്റ് കമ്മീഷണർ എം. അൻബുമണി, പദ്മനാഭപുരം സബ് കളക്ടർ രാജഗോപാൽ ശങ്കര, തിരുവനന്തപുരം എ. ഡി. എം വി. ആർ. വിനോദ്, വിളവൻകോട് തഹസിൽദാർ കെ. കുമാർ, കൽക്കുളം തഹസിൽദാർ സി. രാജ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, പോലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്‌സ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ, നവരാത്രി ട്രസ്റ്റ്, പത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതി, അയ്യപ്പസേവാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.