മാനന്തവാടി: മാനന്തവാടി ജില്ലാ ജയിലില്‍ ആംബുലന്‍സ്, ലൈബ്രറി സൗകര്യങ്ങള്‍ എര്‍പ്പെടുത്തുമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ജില്ലാ ജയിലില്‍ പുതുതായി നിര്‍മ്മിച്ച വനിതാ ബ്ലോക്കിന്റെ ഉദ്ഘാടനവും സൂപ്രണ്ട് – സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, സ്റ്റാഫ് റസ്റ്റ് റൂം എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ അന്തേവാസികളുടെ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനവും സ്റ്റാഫ് റിക്രിയേഷന്‍ ക്ലബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ് വിതരണം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷ പ്രതിഭാ ശശി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശോഭാ രാജന്‍, ജയില്‍ സൂപ്രണ്ട് എസ്. സജീവ്, ഫാ. ജിനോജ് പാലതടത്തില്‍, ഫാ. ബിജോ, മീനങ്ങാടി പോളീടെക്‌നിക് പ്രിന്‍സിപ്പാള്‍ പാര്‍വതി ഭാസ്‌ക്കര്‍, കെ. വിനോദന്‍, കെ.പി. മണി, സി.എം. പോള്‍ തുങ്ങിയവര്‍ സംസാരിച്ചു.