പൈതൃക ഗ്രാമമായ ആറന്മുളയില്‍ പള്ളിയോടങ്ങളുടെ പൂരത്തിന് അരങ്ങുണരുന്നു. സംസ്ഥാനത്തെ ഓണക്കാല വിനോദ സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത് ആറന്മുളയിലാണ്. സംസ്ഥാനത്തെ വിവിധ ജലോല്‍സവങ്ങള്‍ ആറന്മുള ഉതൃട്ടാതി ജലമേളയ്ക്കു മുന്‍പേ തുടങ്ങും. കായികമായ ജലോല്‍സവങ്ങളാണ് അവയെല്ലാം. എന്നാല്‍, പാരമ്പര്യത്തിന്റെ സമന്വയമായ ആറന്മുള പള്ളിയോടങ്ങളുടെ ജലമേള സമാനതകളില്ലാത്ത പൈതൃക സമൃദ്ധിയുടെ പ്രതിഫലനമാണ്. ആറന്മുളയുടെ പള്ളിയോടങ്ങള്‍ 52 എണ്ണം പമ്പാ നദിയുടെ വിരിമാറിലൂടെ തുഴഞ്ഞ് നീങ്ങുന്ന കാഴ്ചയുടെ പൂരമാണ് ഉതൃട്ടാതി ജലോല്‍സവം. ഇത്തവണത്തെ ഉതൃട്ടാതി ജലോല്‍സവം ഓഗസ്റ്റ് 29 ന് നടക്കും.