വള്ളസദ്യകളുടെ ഭാഗമായി പള്ളിയോടങ്ങള്‍ പമ്പയില്‍ തുഴയെറിയുന്ന കാഴ്ച ജൂലൈ 15 മുതല്‍ ജലോല്‍സവ പ്രേമികള്‍ക്ക് കാണാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ 15ന് രാവിലെ 11ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര അങ്കണത്തില്‍ ഈ വര്‍ഷത്തെ വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യക്കാലത്തിനാണ് തുടക്കമാകുന്നത്. പള്ളിയോടമെന്നാല്‍ പാര്‍ഥസാരഥിയായ ശ്രീകൃഷ്ണന്‍ പള്ളികൊള്ളുന്ന ജലയാനം എന്നാണ് അര്‍ഥം. അതിനാല്‍ പള്ളിയോടം തുഴയുന്നവര്‍ പാര്‍ഥസാരഥിയുടെ പ്രതിനിധികളാണെന്നാണ് സങ്കല്‍പ്പം. അവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കുന്നത് പാര്‍ഥസാരഥിക്കുള്ള വഴിപാടായാണ് കാണുന്നത്. ഇങ്ങനെ നല്‍കി വന്ന സദ്യ 64 വിഭവങ്ങളുമായി മഹാസദ്യയായി കാലക്രമത്തില്‍ പരിണമിച്ചു. ഇതില്‍ പാടിച്ചോദിക്കുന്ന 20 വിഭവങ്ങളും ഉള്‍പ്പെടുന്നു.
വള്ളസദ്യകള്‍ക്കായി എല്ലാ പള്ളിയോടക്കരകളും പള്ളിയോടങ്ങളുടെ മിനുക്ക് പണികള്‍ നടത്തിവരികയാണ്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജലോത്സവം എന്ന നിലയില്‍ ആറന്മുള വള്ളംകളി ലിംക ബുക്ക് ഓഫ് റിക്കാര്‍ഡില്‍ 2015 ല്‍ ഉള്‍പ്പെട്ടിരുന്നു. ആറന്മുള വള്ളംകളിയെന്നാല്‍ പമ്പയുടെ തീരങ്ങളിലുള്ളവരുടെയും ആറന്മുള ക്ഷേത്രത്തില്‍ എത്തുന്നവരുടെയും വിനോദസഞ്ചാരികളുടെയും ഉത്സവമാണ്. വള്ളസദ്യകള്‍ ആരംഭിക്കുന്ന ജൂലൈ 15 മുതല്‍ അവസാനിക്കുന്ന ഒക്ടോബര്‍ രണ്ട് വരെ ഇടക്കുളം മുതല്‍ ചെന്നിത്തല വരെ പമ്പയുടെ ഇരുകരകളിലുമുള്ള പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ തുഴയെറിഞ്ഞ് വള്ളസദ്യക്കെത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ഏതൊരു വിനോദ സഞ്ചാരിയുടെ മനസിലും ഇടംപിടിക്കും.