തൃശൂര്‍ പൂരത്തിന്റെ മിഴിവ് ഗജരാജന്മാരും അവരുടെ നെറ്റിപ്പട്ടവും കുടമാറ്റവുമാണ്. ഇവിടെ പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍ ഇതിന് സമാനമായ പൂരക്കാഴ്ചയാണ് ഒരുക്കുന്നത്. നെറ്റിപ്പട്ടങ്ങള്‍ക്ക് പകരം അമരച്ചാര്‍ത്തുകളും കുടമാറ്റത്തിന് പകരം വൃത്താകൃതിയില്‍ തുഴച്ചില്‍ക്കാര്‍ തുഴയെറിയുന്ന കാഴ്ചയുമാണുള്ളത്. അലുക്കിട്ട വര്‍ണക്കുടകള്‍ക്ക് പള്ളിയോടത്തിലും സ്ഥാനമുണ്ട്. ദൂരെ നിന്ന് നോക്കുമ്പോള്‍ മനോഹരവും അടുത്ത് നിന്ന് കാണുമ്പോള്‍ അതിശയകരവുമായ കാഴ്ചയാണ് പള്ളിയോടങ്ങള്‍ സമ്മാനിക്കുന്നത്. ജലമേളയിലെത്തുമ്പോള്‍ 52 വിസ്മയകരമായ ശില്‍പ്പങ്ങള്‍ പമ്പയുടെ വിരിമാറിലൂടെ തുഴഞ്ഞ് നീങ്ങുന്ന കാഴ്ച എല്ലാ വരുടെയും മനം കവരും.