പള്ളിയോടത്തിന്റെ അഗ്രഭാഗവും (കൂമ്പ്) പിന്‍വശവും (അമരം) ജലത്തില്‍ നിന്ന് യഥാക്രമം അഞ്ച് അടി മുതല്‍ 20 അടി വരെ ഉയര്‍ന്നാണ് നില്‍ക്കുന്നത്. ചുണ്ടന്‍ വള്ളത്തിന്റെ കെട്ടും മട്ടും കാഴ്ചയില്‍ തോന്നിക്കുന്ന പള്ളിയോടങ്ങള്‍ വൃത്താകൃതിയില്‍ തുഴയുന്നത് പള്ളിയോടങ്ങളുടെ ഘടനാപരമായ പ്രത്യേകത കാരണമാണ്. കറക്കിത്തുഴയുക എന്നാണ് ഇതിന് പറയുന്നത്. അമരത്തിരിക്കുന്ന നാല് തുഴച്ചില്‍ക്കാര്‍ ഗതി മാറ്റുന്നതനുസരിച്ച് പള്ളിയോടം തിരിക്കുന്നതിന് കഴിയും. ഇതിനാണ് ചവിട്ടിത്തിരിക്കുക എന്നു പറയുന്നത്. പള്ളിയോടത്തിന്റെ മധ്യഭാഗത്ത് മാത്രമാണ് തുഴച്ചിലിന്റെ ശക്തി ഫലം ചെയ്യുന്നത്. ആലപ്പുഴയില്‍ ചുണ്ടന്‍ വള്ളങ്ങള്‍ കായികമായ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ആറന്മുളയില്‍ പള്ളിയോടങ്ങള്‍ കലയുടെ സൗന്ദര്യാത്മകമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.