ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനും അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് തിരുവോണത്തോണിയുമായി ബന്ധപ്പെട്ട ആചാരം. ആറന്മുളയുമായി ബന്ധപ്പെട്ട കരകളിലൊന്നായ കാട്ടൂര്‍ മഠത്തില്‍ നിന്നാണ് (ഇപ്പോഴത്തെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം) തിരുവോണത്തോണി വരുന്നത്. ആറന്മുള ക്ഷേത്രത്തിലേക്ക് പാര്‍ഥസാരഥിക്കുള്ള ഓണ വിഭവങ്ങളുമായാണ് തിരുവോണത്തോണി വര്‍ഷം തോറും ഉത്രാടനാളില്‍ സന്ധ്യക്ക് പുറപ്പെട്ട് തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുളയിലെത്തുന്നത്. പ്രാചീന കാലത്ത് കെട്ടുവള്ളത്തിലാണ് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി എത്തിയിരുന്നത്. അക്കാലത്ത് തിരുവോണത്തോണിയെ അക്രമി സംഘം നേരിട്ടെന്നും ചെറുവള്ളങ്ങളിലെത്തിയ നാട്ടുപ്രമാണിമാര്‍ അക്രമികളെ തുരത്തിയോടിച്ചു എന്നുമാണ് ഐതിഹ്യം. പിന്നീട് അത്തരം അക്രമങ്ങള്‍ തിരുവോണത്തോണിക്ക് നേരെ ഉണ്ടാകാതിരിക്കുന്നതിനായി ചെമ്പകശേരി രാജാവ് യുദ്ധത്തിനായി നിര്‍മ്മിച്ച ചുണ്ടന്‍ വള്ളങ്ങളുടെ മാതൃകയില്‍ മുണ്ടപ്പുഴ തച്ചന്മാര്‍ പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചു. അഷ്ടദിക് പാലകന്മാരും 64 കലകളും നവഗ്രഹങ്ങളും സൂര്യ ചന്ദ്രന്മാരും നാല് വേദങ്ങളും പ്രതീകങ്ങളായി പള്ളിയോടങ്ങളില്‍ സ്ഥാനം പിടിച്ചു. വിശ്വാസം കൊണ്ട് പാര്‍ഥസാരഥിയുടെ പ്രതീകമായ പള്ളിയോടങ്ങളില്‍ പാദരക്ഷകള്‍ ഉപയോഗിച്ച് കയറില്ല. നാട്ടു പാരമ്പര്യത്തിന്റെ വേഷവിധാനമായ മുണ്ടും തോര്‍ത്തുമാണ് തുഴച്ചില്‍കാര്‍ ധരിക്കുന്നത്.
കെട്ടുവള്ളത്തില്‍ ഓണവിഭവങ്ങളുമായി വന്നിരുന്ന തിരുവോണത്തോണി പിന്നീട് ഗരുഡന്റെ മുഖമുള്ള രൂപത്തില്‍ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ളത്. ഇടക്കാലത്ത് നദിയും നീന്തലും അപരിചിതമായ തലമുറ പള്ളിയോടങ്ങളില്‍ നിന്നകന്നു. പള്ളിയോടങ്ങളുടെ എണ്ണം 32 ആയി ചുരുങ്ങി. എന്നാല്‍, ഈ നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ പള്ളിയോടത്തോടും പൈതൃകത്തോടും പുതിയ തലമുറയ്ക്ക് ഉണ്ടായ അഭിനിവേശം പല കരകളിലും പള്ളിയോടങ്ങള്‍ പുതുതായി ഉണ്ടാകുന്നതിനിടയാക്കി. ഇപ്പോള്‍ 52 കരകളില്‍ പള്ളിയോടങ്ങളുണ്ട്. പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും ഭാഗമായ പമ്പയുടെ ഇരുകരകളിലും ഇടക്കുളം മുതല്‍ ചെന്നിത്തല വരെ ഈ പള്ളിയോട പെരുമ കാണാം.