ഉല്‍പന്ന വൈവിധ്യങ്ങളുമായി അന്തേവാസികള്‍

മാനന്തവാടി: നാലു ചുവരുകള്‍ക്കു പുറത്ത് പച്ചപിടിച്ച ജയില്‍ ചപ്പാത്തി, ജയില്‍ പച്ചക്കറികള്‍ എന്നിവയ്ക്കൊക്കെ പുറമെ വയനാട്ടില്‍ നിന്നൊരു ജയില്‍ പെരുമ കൂടി. മാനന്തവാടി ജില്ലാ ജയില്‍ അന്തേവാസികള്‍ വൈവിധ്യങ്ങളാര്‍ന്ന ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വിപ്ലവം സൃഷ്ടിക്കുകയാണ്. സോപ്പുപൊടി, ടോയ്ലറ്റ് ക്ലീനര്‍, ഡിഷ്വാഷ് ലിക്വിഡ്, മെഴുകുതിരി, എല്‍.ഇ.ഡി ബള്‍ബുകള്‍, തുണിസഞ്ചി തുടങ്ങിയവ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നു പുറത്തിറങ്ങി. അന്തേവാസികളുടെ സാമൂഹികവും മാനസികവുമായ ഉന്നമനത്തിനു വേണ്ടി തൊഴില്‍ പരിശീലനത്തിനായി ജില്ലാ ജയിലുകളിലും സെന്‍ട്രല്‍ ജയിലുകളിലും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇങ്ങനെ ലഭിച്ച ഒരു ലക്ഷത്തിലധികം രൂപ ഉപയോഗിച്ചാണ് ജില്ലാ ജയിലിലെ തടവുകാര്‍ക്ക് പരിശീലനം നല്‍കിയത്. ബന്ധപ്പെട്ട ജയിലുകളില്‍ നിന്നുള്ള പ്രപോസല്‍ അനുസരിച്ചാണ് സര്‍ക്കാര്‍ തുക അനുവദിക്കുക.

വയനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ തടവുകാരെ തൊഴില്‍ പരിശീലിപ്പിക്കുന്നത് എത്രത്തോളം വിജയിക്കുമെന്ന ആശങ്ക ബന്ധപ്പെട്ടവര്‍ക്ക് നേരത്തെയുണ്ടായിരുന്നു. ഇതു വെല്ലുവിളിയായി ഏറ്റെടുത്താണ് ജില്ലാ ജയില്‍ അധികൃതര്‍ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. ഇതിനായി മീനങ്ങാടി പോളിടെക്നിക്കുമായി ബന്ധപ്പെട്ടു. ഇവിടെയുള്ള കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ വിംഗിലെ പത്തോളം ഇന്‍സ്ട്രക്ടര്‍മാര്‍ ജയിലിലെത്തി എ.സി, ഫ്രിഡ്ജ് മെക്കാനിസം, പ്ലംബിംഗ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, കമ്പ്യൂട്ടര്‍ പഠനം, ഇലക്ട്രിക്കല്‍ വയറിംഗ് തുടങ്ങിയവയില്‍ അറുപതോളം തടവുകാര്‍ക്കു പരിശീലനം നല്‍കി. 10 ദിവസമായിരുന്നു കോഴ്സ് കാലാവധി. ഇക്കാലയളവില്‍ തടവുകാര്‍ അടിസ്ഥാന വിവരങ്ങള്‍ സ്വായത്തമാക്കി. താല്‍പര്യമുള്ളവര്‍ക്കായി അഡ്വാന്‍സ്ഡ് കോഴ്സ് ലഭ്യമാക്കാന്‍ ജയില്‍വകുപ്പ് ഒരുങ്ങുന്നുണ്ട്. അന്തേവാസികള്‍ക്ക് വയറിംഗില്‍ പരിശീലനം നല്‍കിയതു വഴി ആദ്യത്തെ ഗുണം ലഭിച്ചത് ജില്ലാ ജയിലിനു തന്നെ. ഇവിടെ തയ്യാറാക്കിയ ഫല്‍ഡ്ലിറ്റ് ഷട്ടില്‍ കോര്‍ട്ട് വൈദ്യുതീകരിച്ചത് പരിശീലനം ലഭിച്ച തടവുകാരാണ്. ഫ്രിഡ്ജ് മെക്കാനിസത്തില്‍ പരിശീലനം നേടിയ അന്തേവാസികള്‍ ജയിലിലെ ഫ്രിഡ്ജ് നന്നാക്കിയും വൈദഗ്ധ്യം തെളിയിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് കുടില്‍ വ്യവസായ ഉല്‍പന്ന നിര്‍മ്മാണത്തിന് പ്രൊജക്റ്റ് തയ്യാറാക്കിയത്. ഇതു പ്രകാരം അഞ്ചു ദിവസങ്ങളിലായി ഓരോ മണിക്കൂര്‍ വീതം അമ്പതോളം തടവുകാര്‍ക്ക് വിവിധ ഉല്‍പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ഓരോ ഉല്‍പന്ന നിര്‍മാണ പരിശീലനത്തിനും അഞ്ചു മണിക്കൂര്‍ വീതമെടുത്തു. ഇവര്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ കഴിഞ്ഞ ദിവസം ഒ.ആര്‍ കേളു എം.എല്‍.എ. പുറത്തിറക്കി.

പരിശീലകര്‍ ഗുണനിലവാരം ഉറപ്പാക്കിയ ഉല്‍പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍, തുണിസഞ്ചികള്‍ എന്നിവ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇത്തവണ നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി സ്വയംപര്യാപ്തത നേടുന്നതിനു വേണ്ടി ജയിലില്‍ തന്നെ ഉപയോഗിക്കാനാണ് തീരുമാനം. മിച്ചമുള്ളവ മറ്റ് ഉല്‍പന്നങ്ങളുടെ കൂടെ വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്്റ്റാന്റില്‍ ജയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള ഔട്ട്ലറ്റ് തുടങ്ങുന്നതിനും ധാരണയായി. ഇക്കാര്യം ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ് എം.എല്‍.എയുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന മുറയ്ക്ക് ജില്ലാ ജയിലില്‍ ഫുഡ് യൂണിറ്റ് കൂടി തുടങ്ങാനും ആലോചിക്കുന്നു. ഔട്ട്ലെറ്റ് തുടങ്ങുന്നതു വരെ ഉല്‍പന്നങ്ങള്‍ ജില്ലാ ജയിലിന്റെ പ്രധാന കവാടത്തിലെത്തി ആവശ്യപ്പെട്ടാല്‍ ലഭ്യമാവും. വിലനിലവാരം കവാടത്തിനു സമീപം പ്രദര്‍ശിക്കുമെന്നു ജയില്‍ സൂപ്രണ്ട് എസ്. സജീവ് അറിയിച്ചു. ശരാശരി 60 അന്തേവാസികള്‍ ജില്ലാ ജയിലിലുണ്ട്. 20 വനിതാ തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് എസ്. സജീവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഡി.പി.ഒമാരായ പോള്‍, ശിവരാമന്‍, എ.പി.ഒമാരായ സുമേഷ്, അരുണ്‍, രാജപ്പന്‍, രാജേഷ്, രതീഷ് തുടങ്ങിയവരും സഹായങ്ങളുമായി കൂടെയുണ്ട്.