കൊല്ലം: കോവിഡ് പ്രതിസന്ധി തുടരവെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 18ന് ആരംഭിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. 21 സ്‌കൂളുകളിലും പി. ടി. എ., എന്‍.സി.സി, എന്‍.എസ്.എസ്, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, ലൈബ്രറി ഭാരവാഹികള്‍ എന്നിവയെ ഉള്‍പ്പെടുത്തി യോഗം ചേരും. 20 മുതല്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂളുകളിലേക്ക് ആവശ്യമായ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നഗരസഭ വിതരണം ചെയ്യും. വലിയ സ്‌കൂളുകള്‍ ശുദ്ധീകരിക്കുന്നതിന് ഫയര്‍ഫോഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തും.
കരീപ്ര ഗ്രാമപഞ്ചായത്തില്‍ ഡി. സി. സി. യായി പ്രവര്‍ത്തിച്ചിരുന്ന കുഴിമതിക്കാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒന്നാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു വരികയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ ഒന്നിന് മുന്‍പ് സ്‌കൂളുകള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ പറഞ്ഞു.