ഫെസ്റ്റ് ഡിസംബർ 29 മുതൽ 31 വരെ

എറണാകുളം : പ്രകൃതി രമണീയതയും ചരിത്ര പ്രതാപവും കുടികൊള്ളുന്ന വൈപ്പിൻദ്വീപിലേക്ക് ലോകത്തെ ആകർഷിക്കാൻ ഫോക്‌ലോർ ഫെസ്റ്റ് ഒരുങ്ങുന്നു. ഡിസംബർ 29,30,31 തീയതികളിൽ നടത്തുന്ന വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ വിശാല ജനകീയ സംഘാടക സമിതി രൂപീകരിച്ചു. വിവിധതല ജീവിതോപാധികളുടെ ഉയിർത്തെഴുന്നേൽപ്പിന് ഫെസ്റ്റ് വഴിതെളിക്കും. മതനിരപേക്ഷ വികസന കാഴ്‌ചപ്പാടിലാണ് ഫെസ്റ്റിന്റെ സംഘാടനം.

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ജനകീയ സംഘാടക സമിതി യോഗം ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന മേഖല കഴിഞ്ഞാൽ മണ്ഡലത്തിന്റെ വികസന സാധ്യത ടൂറിസത്തിലാണ്. ആ ദിശയിൽ വലിയ വളർച്ച കൈവരിക്കുന്നതിന് ഫോക്‌ലോർ ഫെസ്റ്റ് വഴി തുറക്കും. കോവിഡ് മഹാമാരിയുടെ വിഷാദത്തിൽനിന്ന് ജനങ്ങളെ പ്രത്യാശയിലേക്ക് നയിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി സംസ്ഥാന ടൂറിസം, സഹകരണ വകുപ്പുകളുടെയും ഫോക്‌ലോർ അക്കാദമിയുടെയും പ്രാദേശിക സംഘടനകളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

വൈപ്പിൻ ദ്വീപിന്റെയും സമീപ പ്രദേശങ്ങളുടെയും സാമൂഹിക, സാമ്പത്തിക വികസനം തദ്ദേശീയ കലകളും ടൂറിസവും മുഖേന ദീർഘകാല അടിസ്ഥാനത്തിൽ പരിപാലിക്കുകയും വളർത്തുകയും ചെയ്യാനാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്. പ്രാദേശിക കലാകാരന്മാർക്കും കലാസംഘങ്ങൾക്കും മേളയിൽ പങ്കെടുക്കാൻ അവസരമൊരുക്കും. ടൂറിസത്തിന് പുനർജീവൻ നൽകുക, ജീവിതം വഴിമുട്ടിയ ഫോക്‌ലോർ കലാകാരന്മാരെ സഹായിക്കുക, ഫോക്‌ലോർ കലകൾ ലോകത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വൈപ്പിൻ വേദിയാക്കുക, പ്രദേശത്തെ ലോക സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്നിവ സാധ്യമാക്കാനും ഫെസ്റ്റ് ലക്ഷ്യമിടുന്നു.

ഫോക്‌ലോർ ഘോഷയാത്രയോടെയാകും ആഘോഷങ്ങൾ ആരംഭിക്കുക. വിവിധ നാടൻ കലാരൂപങ്ങളും നൂറുകണക്കിന് കലാകാരന്മാരും പങ്കാളിത്തം വഹിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി ഡിസംബർ ഒന്നുമുതൽ വൈപ്പിൻ ദ്വീപിൽ കേരളീയ നാടൻ കലാരൂപങ്ങളുടെ ചിത്രലേഖനം – ഗ്രാഫിറ്റി ആർട്ട് നടത്തും. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ഗ്രാഫിറ്റി ആർട്ട് സംരംഭമാകുമിത്. പ്രശസ്‌ത മണൽശിൽപികളും പട്ടംപറത്തൽ വിദഗ്‌ധരും മേളയുടെ ഭാഗമാകും.

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയാണ് ചെയർമാൻ എ പി പ്രിനിൽ ജനറൽ കൺവീനറും ബോണി തോമസ് പ്രോഗ്രാം കോ ഓർഡിനേറ്ററും കെ എസ് അജയകുമാർ ട്രഷററുമായി ആയിരത്തൊന്നംഗ ജനകീയ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷരും പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും സമിതികളിൽ ചുമതലകൾ വഹിക്കും.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഉന്നത സമിതി പ്രസിഡന്റ് അഡ്വ വി പി സാബു അധ്യക്ഷത വഹിച്ചു. മാരിടൈം ബോർഡ് ചെയർമാൻ അഡ്വ വി ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. ലോക് ധർമ്മി ഡയറക്‌ടർ പ്രൊഫ. ചന്ദ്രദാസൻ, എസ് എൻ ഡി പി യോഗം വനിതാ സംഘം നേതാവ് കെ പി കൃഷ്ണകുമാരി, സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ചെറായി സുരേഷ്, ഡോ കെ കെ ജോഷി, വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി – വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.