എറണാകുളം : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സന്നദ്ധ സേന ഉദ്ഘാടനം നാളെ (16-10- 2021 ) റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. കേരളം അപ്രതീക്ഷിതമായ രണ്ടു മഹാ ദുരന്തങ്ങളെ നേരിട്ട സാഹചര്യത്തിൽ ദുരന്ത സാഹചര്യങ്ങളെ പ്രാദേശികമായി തന്നെ നേരിടുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിച്ചതെന്ന് പ്രസിഡന്റ് മേരി ദേവസിക്കുട്ടി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിൽ
നിന്നും വൊളന്റിയർമാരെ തെരെഞ്ഞെടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സന്നദ്ധ സേനാംഗങ്ങൾക്ക് വിദഗ്ദ
പരിശീലനവും അടിയന്തര ഘട്ടത്തിൽ
ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത്
നൽകും . വെള്ളപ്പൊക്കം , കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ തുടങ്ങിയ
പ്രകൃതി ദുരന്തങ്ങൾ, കോവിഡ് – 19 പോലുള്ള മഹാമാരി , കരയിലും വെള്ളത്തിലുള്ള അപകടം , തീപിടുത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ
നേരിടാനും പരിശീലനം നൽകും . ദുരിതാശ്വാസ ക്യാംപ് , മരുന്ന് ഭക്ഷണ
വിതരണം തുടങ്ങിയ സേവന രംഗത്തും
വിദഗ്ദരുടെ സഹായത്തോടെ ശാസ്ത്രീയ
പരിശീലനങ്ങൾ നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചു.
അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ റോജി എം ജോൺ എം എൽ എ
അദ്ധ്യക്ഷനാകും. എം.പി. ബന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തും. അൻവർ സാദത്ത് എംഎൽഎ സർട്ടിഫിക്കറ്റ് വിതരണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ജോയ്. മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം എൽ എ പി.ജെ ജോയ് , അങ്കമാലി മുനി. ചെയർമാൻ റജി മാത്യു ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ. ജോർജ് എന്നിവർ പങ്കെടുക്കും.