ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽ കണ്ട് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിൽ നിന്ന് 5 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊന്നക്കുഴി ചക്രപാണി സ്കൂളിലേക്കാണ് ഇവരെ മാറ്റിപാർപ്പിച്ചത്. ആകെ 23 പേരാണ് ക്യാമ്പിലുള്ളത്.
കൊടകര ഗവ.എൽ പി സ്കൂളിലും ക്യാമ്പ് തുറന്നിട്ടുണ്ട്. കാവിൽപാടം ദേശത്ത് നിന്ന് വെള്ളം കയറുന്ന അവസ്ഥ മുന്നിൽ കണ്ട് രണ്ട് കുടുംബങ്ങളെയാണ് ഗവ. എൽ പി സ്കൂളിലേയ്ക്ക് മാറ്റിയത്.ചാലക്കുടി റെയിൽവേ അടിപ്പാത, ചേനത് നാട്, മുരിങ്ങൂർ ഡിവൈൻ അടിപ്പാത, സർവീസ് റോഡ്, പരിയാരം അങ്ങാടി ജംഗ്ഷൻ, നായരങ്ങാടി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. പടിഞ്ഞാറേ ചാലക്കുടിയിൽ പുഴയുടെ തീരം ഇടിഞ്ഞു.കനത്തമഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട കൊടകര പ്രേരാമ്പ്രയിലെ വിവിധ പ്രദേശങ്ങൾ സനീഷ്കുമാർ ജോസഫ് എം എൽ എ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തഹസിൽദാർ ഇ എൻ രാജു, എൻഎച്ച്എഐ പ്രതിനിധികൾ എന്നിവർ എം എൽ എയോടൊപ്പമുണ്ടായിരുന്നു.