ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് ആശുപത്രിയില്‍ യാഥാര്‍ഥ്യമായി

ഓക്സിജന്‍ ക്ഷാമത്തിന് സമ്പൂര്‍ണ പരിഹാരമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിഡന്‍ ജനറേറ്റര്‍ പ്ലാന്റ് യാഥാര്‍ഥ്യമായി. അന്തരീക്ഷ വായുവില്‍ നിന്ന് മിനുട്ടില്‍ ആയിരം ലിറ്റര്‍ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ലാന്റ് പി.എം. കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയോളം ചെലവിലാണ് ഒരുക്കിയത്. പുതിയ സംവിധാനം ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി മെഡിക്കല്‍ കോളജിന് സമര്‍പ്പിച്ചു. ആരോഗ്യ രംഗത്ത് അനുദിനമുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ഏറ്റവും അനിവാര്യമായ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റാണ് മെഡിക്കല്‍ കോളജിന് സ്വന്തമായിരിക്കുന്നതെന്നും ആരോഗ്യ പരിപാലന രംഗം ആധുനിക സൗകര്യങ്ങളോടെ വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ രൂപകല്‍പന ചെയ്ത പ്ലാന്റ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡാണ് നിര്‍മിച്ചിരിക്കുന്നത്. ദേശീയ പാത അതോറിറ്റിക്ക് വേണ്ടി കൊച്ചിയിലുള്ള സ്വകാര്യ കമ്പനി സിവില്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ആശുപത്രി വികസന സമിതി ഫണ്ടുപയോഗിച്ചാണ് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചത്. പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ദ്രവീകൃത ഓക്സിജന്‍ സംഭരണിയായിരുന്നു ഇതുവരെ മെഡിക്കല്‍ കോളജിലുണ്ടായിരുന്നത്. പാലക്കാട് നിന്നും ടാങ്കറില്‍ ഓക്സിജന്‍ എത്തിച്ച് ഓക്സിജന്‍ ലഭ്യമാക്കിയിരുന്ന അവസ്ഥ പുതിയ ജനറേറ്റര്‍ പ്ലാന്റോടെ ആവശ്യമായി വരില്ല.

പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മവും എം.പി നിര്‍വഹിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷയായി. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ മുഖ്യ അതിഥിയായി പങ്കെടുത്തു. നഗരസഭ ഉപാധ്യക്ഷ അഡ്വ. ബീന ജോസഫ്, കൗണ്‍സിലര്‍ അഡ്വ. പ്രേമ രാജീവ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ. സിറിയക് ജോബ്, സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.എം. ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.