കൊട്ടാരക്കര മണ്ഡലത്തിലെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
പരമ്പരാഗത വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടിവെള്ളം, റോഡ്, ടൂറിസം, കൃഷി എന്നീ മേഖലകളുടെ വികസനം ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കും. ടൗണിലെ ഗതാഗത കുരുക്ക്, കുടിവെള്ള പ്രശ്‌നം, വെള്ളക്കെട്ട് എന്നിവ പരിഹരിക്കുന്നതിനായി ശാസ്ത്രീയ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുന്നതിനുള്ള പദ്ധതികള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും ഉണ്ടാകും. താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല വികസനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ മേഖലകളെ സംബന്ധിച്ച പ്രശ്‌നങ്ങളും പുതിയ പദ്ധതികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. തുടര്‍ യോഗങ്ങള്‍ ചേരാനും തീരുമാനമായി.
നിയോജക മണ്ഡലം കണ്‍വീനര്‍ കെ. എസ്. ഇന്ദുശേഖരന്‍ നായര്‍ അധ്യക്ഷനായി. യുയാക്കിം മാര്‍ കുറിലോസ് സഫ്രഗണ്‍ മെത്രാപ്പൊലീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, വൈസ് പ്രസിഡന്റ് സുമലാല്‍, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, മുന്‍ എം.എല്‍.എ. അയിഷാ പോറ്റി, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് എം. ശിവപ്രസാദ്, വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.