വെള്ളം കയറി ഗതാഗതം തടസപ്പെട്ട വാക കാക്കത്തുരുത്ത് പ്രദേശം മുരളി പെരുനെല്ലി എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കാനിരിക്കുന്ന 6 മീറ്റർ വീതിയും നീളവുമുള്ള പാലത്തിൻ്റെ ടെൻഡർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എംഎൽഎ അറിയിച്ചു. അതോടെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ കാക്കത്തുരുത്തിൻ്റെ കിഴക്കേ അതിർത്തിയായ കേച്ചേരി പുഴയിലെ തടസങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ടെന്ന് തുരുത്ത് നിവാസികൾ അഭിപ്രായപ്പെട്ടു. വാഴാനി ഡാമിൽ നിന്ന് ഒഴുകിവരുന്ന വെള്ളം കേച്ചേരി പുഴയിലൂടെയാണ് കെഎൽഡിസി കനാലിലേക്ക് എത്തിച്ചേരുന്നത്.

പുഴയിൽ എളവള്ളി അതിർത്തി ആരംഭിക്കുന്ന പുരന്തര ഭാഗത്തെ വലിയ പാറക്കെട്ട് നീരൊഴുക്കിന് തടസമായി നിൽക്കുകയാണ്. കൂടാതെ പഞ്ചായത്തിലെ അവസാന അതിർത്തിപ്രദേശമായ വാക പ്രദേശത്തെ പുഴയിൽ നിരവധി മൺതിട്ടകളും കൈതക്കാടുകളും നിറഞ്ഞുനിൽക്കുന്നുണ്ട്.

ജലനിർഗമനത്തിന് തടസമായി നിൽക്കുന്ന പാറക്കെട്ടും മണൽത്തിട്ടകളും കൈതക്കാടും അടിയന്തരമായി നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടുന്നതിന് എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്. ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് കേച്ചേരി പുഴയിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് എംഎൽഎ തുരുത്ത് നിവാസികൾക്ക് ഉറപ്പുനൽകി.