ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പഠനമുറിയുടെ  താക്കോല്‍ കൈമാറ്റവും പുതിയ പഠനമുറികള്‍ നിര്‍മിക്കുന്നതിനുള്ള ഒന്നാം ഗഡു വിതരണവും നടത്തി. 2020 – 21 സാമ്പത്തിക വര്‍ഷത്തെ പണി പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറലും 2021 – 22 സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ ഗുണഭോക്താക്കള്‍ക്ക് പുതിയ പഠനമുറി നിര്‍മിക്കുന്നതിനുള്ള ആദ്യ ഗഡു വിതരണവുമാണ് നടത്തിയത്. വിതരണോല്‍ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വ്വഹിച്ചു. ബ്ലോക്കിന് കീഴില്‍ പത്ത് പഠനമുറികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.


ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കൃഷ്ണന്‍കുട്ടി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അലീമ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ.സുന്ദരന്‍, എസ് ടി പ്രമോട്ടര്‍ കെ.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.