പൂഞ്ഞാർ-ഈരാറ്റുപേട്ട മേഖലയിലെ
ദുരിതബാധിത മേഖലകൾ മന്ത്രി സന്ദർശിച്ചു

കോട്ടയം: മഴക്കെടുതിയിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ അടുത്ത മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മഴക്കെടുതി ബാധിച്ച പൂഞ്ഞാർ, ഈരാറ്റുപേട്ട, നടയ്ക്കൽ, ഉരുൾപൊട്ടലുണ്ടായ കൈപ്പള്ളി, പാതാമ്പുഴ, ചോലത്തടം എന്നിവിടങ്ങളിലെ ദുരിതമേഖലകൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹായം നൽകാൻ അടിയന്തര നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലിൽ തകർന്ന ഇളപ്പുങ്കൽ-വടികൊട്ട പാലം നിർമിക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. തീക്കോയി പഞ്ചായത്തിലെ കാരയ്ക്കാടിനെയും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഉരുൾപൊട്ടലിൽ വീടു നശിച്ച കൈപ്പള്ളി കുമ്പളാനിക്കൽ കെ.കെ. ഷാജി, കലേപുരയിടത്തിൽ വത്സല വിജയൻ എന്നിവരുമായി മന്ത്രി സംസാരിച്ചു. പാതാമ്പുഴയിൽ ഉരുൾ പൊട്ടിയ സ്ഥലം സന്ദർശിച്ചു. രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലേക്ക് കുടിവെള്ളമെത്തിച്ചിരുന്ന ജലനിധി കുടിവെള്ള സംഭരണി പൂർണമായി തകർന്നു. ചോലത്തടം, കൈപ്പള്ളി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയ സ്ഥലങ്ങൾ സന്ദർശിച്ച് ദുരിതബാധിതരെ നേരിൽക്കണ്ടു. ഈരാറ്റുപേട്ട നടയ്ക്കലിൽ വെള്ളംകയറി അരി നശിച്ച റേഷൻ കടയും സന്ദർശിച്ചു. വി.എം. സക്കീറിന്റെ ലൈസൻസിയിലുള്ള കടയിലെ 200 ക്വിന്റൽ അരി നശിച്ചതായി സക്കീർ മന്ത്രിയെ അറിയിച്ചു. അങ്കാൾ അമ്മൻ കോവിലിലെ നദികൾ സംഗമിക്കുന്ന സ്ഥലത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. കൈപ്പള്ളി ഇടമല സി.എം.എസ്. യു.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. കൈപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് 31 പേരാണ് ക്യാമ്പിൽ കഴിയുന്നത്.
സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, ബ്ലോക്ക് പഞ്ചായത്തംഗം രമ മോഹൻ, ജനപ്രതിനിധികൾ എന്നിവ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.