ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്ത പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി, പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 2020 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം പരിഗണിച്ചാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ അവാര്‍ഡ് ഫോര്‍ എക്‌സ്‌പെഷണല്‍ അച്ചീവ്മെന്റ് ഉജ്ജ്വലബാല്യം പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ കുട്ടികളെ അവാര്‍ഡ് പരിഗണിക്കില്ല. പുരസ്‌ക്കാരത്തിനായി കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ രണ്ട് വിഭാഗങ്ങളായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്കും പുരസ്‌കാരവും 25,000 രൂപ വീതവും നല്‍കും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ രണ്ട് വിഭാഗത്തിലായി തരംതിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്കും പുരസ്‌കാരവും 25,000 രൂപ വീതവും നല്‍കുന്നതായിരിക്കും. കുട്ടികള്‍ നേരിട്ട് അപേക്ഷിക്കുകയോ അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകള്‍/വ്യക്തികള്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30നകം നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകള്‍ സഹിതം മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ www.wcd.kerala.gov.in ലും ലഭിക്കും. ഫോണ്‍ 0483-2978888, 8848013059
