ആലുവ – ആലങ്ങാട് റോഡ് വികസനത്തിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ചർമ ചെയ്യുന്നതിനായി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

റോഡിന്റെ വീതി 15 മീറ്റർ ആക്കണമെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ ആവശ്യപെട്ടെങ്കിലും വ്യാപാരികളുടെയും പ്രദേശവാസികളുടെയും
പൊതുവികാരം പരിഗണിച്ച് 12 മീറ്ററാക്കാൻ യോഗം തീരുമാനിച്ചു. റോഡിന് ഏഴ് മീറ്റർ ടാറിംഗ് വീതിയുണ്ടാകും. രണ്ട് വശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും അതിനോടൊപ്പം വെള്ളം ഒഴുക്കുന്നതിനുള്ള കാനകളും ഒരുക്കും.

റോഡിന്റെ അലൈൻമെന്റ് പ്രൊപോസൽ നവംബർ ആദ്യവാരം ചീഫ് എഞ്ചിനീയർക്കു സമർപ്പിക്കാനും യോഗം തീരുമാനിച്ചു. ആകെ 192 സെന്റ് ഭൂമിയാണ് റോഡ് വീതി കൂട്ടുന്നതിനായി ഏറ്റെടുക്കേണ്ടത്. ആലുവ- ആലങ്ങാട് റോഡിന്റെ വീതി കുറഞ്ഞ തോട്ടക്കാട്ടുകര ജംഗ്ഷന്‍ മുതല്‍ കടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്താണ് സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നത്. ആലുവ നഗരസഭയിലും കടുങ്ങല്ലൂർ പഞ്ചായത്തിലുമായുള്ള രണ്ട് കിലോമീറ്റർ റോഡാണ് വീതി കൂട്ടുന്നത്.

അൻവർ സാദത്ത് എം എൽ എ, ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. രാജലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി രവീന്ദ്രനാഥ്, യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ രാമചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ ശ്രീരാജ് , കെ. വി സരോജം, ആർ. മീര, കൗൺസിലർമാരായ ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.