ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ പശു, എരുമ, കാള,പോത്ത്, കിടാക്കള്‍ എന്നിവയുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നു. പ്രജനനം, പോഷണം, ആരോഗ്യം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. മൃഗ സംരക്ഷണത്തില്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുളമ്പുരോഗം.

പദ്ധതിയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനായി വീടുകളില്‍ എത്തുമ്പോള്‍ എല്ലാ കാലികള്‍ക്കും ചെവിയില്‍ ടാഗ് ഘടിപ്പിക്കേണ്ടതാണ്. പ്രസ്തുത ടാഗിലെ തിരിച്ചറിയല്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ രേഖപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കുക. സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, കേന്ദ്രസര്‍ക്കാരില്‍ നിന്നോ ലഭ്യമാകുന്ന വിവിധ സഹായങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാണ്. ഏതെങ്കിലും കാരണവശാല്‍ ടാഗ് വേര്‍പെട്ട് പോയാല്‍ ഉടന്‍തന്നെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് റീടാഗിംഗ് നടത്തണം.

നാലുമാസത്തില്‍ താഴെയുള്ള കിടാക്കള്‍, ഗര്‍ഭധാരണത്തിന്റെ അവസാനത്രൈമാസ ഘട്ടങ്ങളിലെത്തിയവ, രോഗം ബാധിച്ചവ, കഴിഞ്ഞ ആഗസ്റ്റ് ആറിനുശേഷം പ്രതിരോധകുത്തിവയ്പ്പെടുത്തവ എന്നീ വിഭാഗങ്ങളൊഴിച്ച് ബാക്കിയുള്ളവയെല്ലാം പ്രതിരോധകുത്തിവയ്പിന് വിധേയമാക്കേണ്ടതുണ്ട്. മൃഗസംരക്ഷണവകുപ്പിലെ സ്‌ക്വാഡുകള്‍ വീടുകളില്‍ എത്തുമ്പോള്‍ സഹകരണം നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കാലികളുടെ വിവരങ്ങല്‍ രേഖപ്പെടുത്തുകയും, ടാഗിംഗ് നടത്തുകയും, പ്രതിരോധകുത്തിവയ്പ് എടുക്കുകയും ബയോമെഡിക്കല്‍ അവശിഷ്ടങ്ങള്‍ കൃത്യമായ സംവിധാനത്തിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ഓണ്‍ലൈന്‍ രേഖപ്പെടുത്തലുകള്‍ എന്നിവ സ്‌ക്വാഡുകള്‍ ഓരോ ദിവസവും നിര്‍വ്വഹിക്കുമെന്ന് നോഡല്‍ ഓഫീസറായ ജില്ലാ കോര്‍ഡിനേറ്റര്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനുമുള്ള പ്രക്രിയയില്‍ എല്ലാ മൃഗസംരക്ഷണ കര്‍ഷകരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു