എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായിട്ടാണ്  സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ 37 ഇരട്ട വീടുകൾ  ഒറ്റവീടാക്കൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത ഒരുപാട് പേർക്ക് സ്വന്തമായി ഒരു വീടൊരുക്കാൻ ലൈഫ് പദ്ധതിയിലൂടെ സാധിച്ചു.

ഇനിയും ഭവനരഹിതർക്ക് വേണ്ട സഹായങ്ങൾ നൽകി വീടൊരുക്കാനുള്ള ശ്രമങ്ങളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സ്പീക്കർ പറഞ്ഞു. സ്വന്തമായി ഒരു വീടെന്ന സാധാരണക്കാരന്റെ ആവശ്യം മുന്നിൽക്കണ്ട് അതിന് വേണ്ടി പ്രവർത്തിച്ച കൊരട്ടി പഞ്ചായത്ത്‌ മറ്റുള്ള പഞ്ചായത്തുകൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം, ഖന്നാനഗർ, തിരുമുടിക്കുന്ന്, മംഗലശേരി എന്നീ പ്രദേശങ്ങളിലെ 37 ഇരട്ടവീടുകളാണ് ഒറ്റ വീടുകളാവുന്നത്. കേരള സംസ്ഥാന ഹൗസിങ്  ബോർഡിൻ്റെ രണ്ട് ലക്ഷം, കൊരട്ടി പഞ്ചായത്ത് ഒരു ലക്ഷം, ചിറമ്മൽ ട്രസ്റ്റ് ഒരു ലക്ഷം, ഒരു ലക്ഷം  ഗുണഭോക്താവ് എന്നിങ്ങനെ മൊത്തം 5 ലക്ഷം രൂപയുടെ പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകിയത്. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ശുചിമുറി അടക്കം 480 സ്ക്വയർ ഫീറ്റുള്ള വീടുകളാണ് നിർമ്മിക്കുന്നത്. സനീഷ് കുമാർ ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.

 

പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ചിറമ്മേല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ രാജന്‍ തോമസ്, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ കെ ആര്‍ സുമേഷ്,ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കുമാരി ബാലന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്സൺ നൈനു റിച്ചു,ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരന്‍ പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് പയ്യപ്പിള്ളി, പി ജി സത്യപാലന്‍, പഞ്ചായത്ത് സെക്രട്ടറി സി എന്‍ ഷിനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.