പാവപ്പെട്ടവരെ കൂടുതലായി പരിഗണിക്കുന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും അതോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കാൻ പ്രത്യേകം ശ്രമിക്കുമെന്നും പട്ടികജാതി- പട്ടികവർഗ – പിന്നാക്ക –  ദേവസ്വം – പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ മൂലേപ്പട് എസ് സി ഫ്ലാറ്റിൻ്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. പാവങ്ങളോടുള്ള അധികാരികളുടെ കാഴ്ചപ്പാട് മാറ്റിയ സർക്കാരാണ് സംസ്ഥാനത്ത്  അധികാരത്തിലുള്ളത്.

അതിനാൽ തന്നെ അവർക്ക് വേണ്ട സൗകര്യം ഏർപ്പാടാക്കാൻ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിലെ എസ് സി, എസ്ടി വിഭാഗത്തിൻ്റെ ജനജീവിതത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. എല്ലാ രംഗത്തും ഈ വിഭാഗം ഉയർന്നുവരുന്നു. ഇനിയും പൊതു സമൂഹത്തോടൊപ്പം ഈ വിഭാഗങ്ങളെ ഉയർത്തിക്കൊണ്ട് വരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഇപ്പോഴും അതിദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. വികസന നയങ്ങൾ ശരിയായ വിധം ജനങ്ങളിലെത്തണം. ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കാനായി. അധികാരവും സമ്പത്തും വികേന്ദ്രീകരിച്ചു. സാധാരണക്കാർക്ക് എന്ത് ചെയ്തു കൊടുക്കണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായത് ഇതിൽ നിന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ,  പത്മം വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  യദുകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീജ സുഗതൻ, മിൻ്റോ റെനി, ബബിത ഫിലോ, ചൊവ്വന്നൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാരായ എൻ.കെ. ഹരിദാസൻ, ടി.എസ് മണികണ്ഠൻ,  വാർഡ് മെമ്പർ എം.എസ് മണികണ്ഠൻ  തുടങ്ങിയവർ പങ്കെടുത്തു.

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ ആശ്രയ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ നിർമിതി കേന്ദ്രം പൂർത്തീകരിച്ച മൂന്ന് നിലകളിലായി സ്ഥിതി ചെയ്യുന്ന 7 ഫ്ലാറ്റുകളും കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതികളിൽ പണി പൂർത്തീകരിച്ച 4 ഫ്ലാറ്റുകളുമാണ് തിരഞ്ഞെടുക്കപ്പെട്ട എസ് സി ഗുണഭോക്താക്കൾക്കായി കൈമാറിയത്.