പനമരം: സൂക്ഷ്മ സംരംഭ വികസന മേഖലയ്ക്കു പുത്തനുണര്‍വേകാന്‍ കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിക്ക് (എസ്.ഇ.വി.പി) തുടക്കമായി. പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക വൈദഗ്ധ്യം അനിവാര്യമല്ലാത്ത, എന്നാല്‍ വിജയ സാധ്യതയേറെയുള്ള മേഖലകളില്‍ സംരംഭകരെ ആകര്‍ഷിച്ച് ജീവനോപാധി ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലകളിലെ ഒരു ബ്ലോക്കില്‍ നടപ്പാക്കുന്ന പദ്ധതി ജില്ലയില്‍ പനമരം ബ്ലോക്കിലാണ് ആരംഭിച്ചത്. നാലുവര്‍ഷം കൊണ്ട് 4.5 കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്കില്‍ ചിലവഴിക്കുക. പരിശീലനം ലഭിച്ച മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍ട്ടന്റുമാര്‍ (എം.ഇ.സി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പനമരം ബ്ലോക്കിലെ സംരംഭ സാധ്യതകളെക്കുറിച്ച് സമഗ്ര പഠനം നടത്തി തയ്യാറാക്കിയ വിശദ പദ്ധതി രൂപരേഖ അംഗീകരിച്ചാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തുക അനുവദിച്ചത്. പദ്ധതി കാലയളവില്‍ പനമരം ബ്ലോക്കില്‍ ചുരുങ്ങിയത് 1,295 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യവര്‍ഷം മാത്രം 200 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. എന്നാല്‍, ഉദ്ഘാടനത്തിനു മുന്നോടിയായി കണ്‍സല്‍ട്ടന്റുമാരുടെ പരിശീലന കാലയളവില്‍ തന്നെ അമ്പതോളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായാണ് വിലയിരുത്തുന്നത്.

പരമ്പരാഗത രീതികളില്‍ നിന്നുമാറി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ പദ്ധതിക്കു കീഴില്‍ രൂപീകരിച്ചിട്ടുണ്ട്. ഓട്ടോമൊബൈല്‍ പെയിന്റിംഗ്് വര്‍ക്ക്ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്, ഗ്ലാസ് പെയിന്റിംഗ്്, ഷോപ്പര്‍ ബാഗുകള്‍, ചവിട്ടികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ യൂനിറ്റുകള്‍, മാട്രിമോണിയല്‍ എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ വഴി സേവന മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബശ്രീ ഒരുങ്ങുകയാണ്. ഗുണഭോക്താക്കളുടെ താല്‍പര്യപ്രകാരം വ്യക്തിഗതമായും ഗ്രൂപ്പുകളായും സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. പദ്ധതി പ്രകാരം രണ്ട് അംഗങ്ങളുണ്ടെങ്കില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങാനാവും. എസ്.വി.ഇ.പി പദ്ധതി പ്രകാരം ആരംഭിക്കുന്ന യൂനിറ്റുകള്‍ക്കെല്ലാം കുടുംബശ്രീ സൂക്ഷ്മ സംരംഭ മാനദണ്ഡ പ്രകാരമുള്ള മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവും. ബ്ലോക്കിന് കീഴിലുള്ള സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരും സൂക്ഷ്മ സംരംഭ ഉപസമിതി കണ്‍വീനര്‍മാരും അംഗങ്ങളായ ബ്ലോക്ക് നോഡല്‍ ഏജന്‍സിയാണ് (ബി.എന്‍.എസ്.ഇ.പി)
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ബാങ്ക് വായ്പയും മറ്റും ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുമെന്നതിനാല്‍ ഒരു സംരംഭത്തിന്റെ പ്രാരംഭ മുതല്‍മുടക്കിനാവശ്യമായ തുക കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായി ഈ ഏജന്‍സി അനുവദിക്കും. നാലു ശതമാനം പലിശനിരക്കില്‍ വ്യക്തിഗത യൂനിറ്റുകള്‍ക്ക് 50,000 രൂപയും ഗ്രൂപ്പുകള്‍ക്ക് ഒരുലക്ഷം രൂപയും സി.ഇ.എഫ് ആയി അനുവദിക്കും. പനമരം ബ്ലോക്കിന് കീഴിലുള്ള 5 ഗ്രാമപ്പഞ്ചായത്തുകളിലും എം.ഇ.സിമാരെ നിയമിച്ചിട്ടുണ്ട്. അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ് യോഗങ്ങളില്‍
പങ്കെടുത്ത് ഇവര്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുകയും അവബോധ ബോധവല്‍ക്കരണവും സംരംഭകത്വ വികസന പരിശീലനവും നല്‍കി യൂനിറ്റുകള്‍ ആരംഭിക്കുകയുമാണ് ചെയ്യുന്നത്. ബ്ലോക്കിലെ ഒരു പഞ്ചായത്ത് ആസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക് റിസോഴ്സ് സെന്റര്‍ എന്ന പേരില്‍ ഓഫിസ് സംവിധാനം ഉടന്‍ ആരംഭിക്കും. എം.ഇ.സിമാരുടെയും ബി.എന്‍.എസ്.ഇ.പി അംഗങ്ങളുടെയും അവലോകന യോഗങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും ഈ ഓഫിസ് കേന്ദ്രീകരിച്ചാണ് നടത്തുക.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ദിലീപ് കുമാര്‍, പ്രസിഡന്റുമാരായ രുഗ്മിണി സുബ്രഹ്മണ്യന്‍, ബിന്ദു പ്രകാശ്, ഗിരിജാ കൃഷ്ണന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഹറുന്നീസ റസാഖ്, മെംബര്‍മാരായ കെ.എം ഹരിദാസന്‍, കെ.വി സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ രമ്യാ ശിവദാസന്‍, മോളി ജോര്‍ജ്, ബിന്ദു ബാബു, ജലജ, സുലോചന, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്റ്, കോ-ഓഡിനേറ്റര്‍മാരായ കെ.എ ഹാരിസ്, കെ.ടി മുരളി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശ്രുതി രാജന്‍, എസ്. ഷീന തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീയുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സംരംഭങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള എസ്.വി.ഇ.പി പദ്ധതി മേഖലയില്‍ വന്‍ വളര്‍ച്ച
കൈവരിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.