അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം 15നു സമാപിക്കും. കനത്ത മഴയെ അവഗണിച്ചും മഹോത്സത്തില്‍ നിരവധി സന്ദര്‍ശകരാണ് ഓരോ ദിവസവുമെത്തുന്നത്. മഹോത്സവത്തില്‍ ഒരുക്കിയിരിക്കുന്ന ചക്ക ഉല്‍പന്നങ്ങളുടെ വിവിധ സ്റ്റാളുകളും ശ്രദ്ധേയമായി. ചക്ക കൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുമെന്നാണ് മഹോത്സവത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ അന്യമായി പോവുന്ന ചക്ക വിഭവങ്ങളും പുതുതലമുറയ്ക്കായി ഒരുക്കിയിട്ടുണ്ട്. ചക്കയിലൂടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനവും മഹോത്സവം പങ്കുവയ്ക്കുന്നു.

ജില്ലാ കൃഷി ഓഫിസിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ പ്രധാനമായും ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ചക്ക, തേന്‍വരിക്ക, റോസ് വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കക്കുരു ലഡു, ചക്ക മിഠായി എന്നിവയുടെ ശേഖരമാണ്. ഈ വര്‍ഷം അന്താരാഷ്ട്ര ചക്ക മഹോത്സവ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചക്കയില്‍ നിന്നും എങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന പരിശീലനം ആത്മ വീട്ടമ്മമാര്‍ക്കായി നല്‍കി വരുന്നു. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തി സീറോ വേസ്റ്റേജായാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രൊജക്റ്റ് ഡയറക്ടറുടെ കീഴില്‍ ഏകദേശം മുപ്പതോളം അംഗങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചക്ക മാഹോത്സവത്തില്‍ വിഭവസമൃദ്ധി തീര്‍ത്ത് കൃഷിവിജ്ഞാന്‍ കേന്ദ്രയുമുണ്ട്. ചക്ക ഹലുവ, ചക്ക മിക്സ്ചര്‍, ചക്ക പപ്പടം തുടങ്ങി അമ്പതില്‍പരം വിഭവങ്ങളാണ് ഇവിടെയുളളത്. ഏഴുപേരടങ്ങുന്ന സ്ത്രീ സംരംഭത്തില്‍ സഫിയയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

രോഗങ്ങളെ പ്രതിരോധിക്കുന്ന വിഭവങ്ങളുമായെത്തിയ പ്രഷ്യസ് സ്റ്റാളും ശ്രദ്ധേയമായി. ചക്ക സ്‌ക്വാഷ്, ചക്ക ജാം, ചക്കവരട്ടി തുടങ്ങി പതിനാലോളം വിഭവങ്ങളാണ് ഇവിടെയുള്ളത്. ഒരുവര്‍ഷമായി കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ് പ്രഷ്യസ്. കാന്‍സറിനെ പ്രതിരോധിക്കുക, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ചശക്തി മെച്ചപ്പെടുത്തുക, കുടല്‍ രോഗങ്ങള്‍ തടയുക, ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, അസ്ഥികള്‍ക്ക് ശക്തി നല്‍കുക തുടങ്ങിയ ഗുണങ്ങള്‍ ചക്കയ്ക്ക് ഉണ്ടെന്നു വിളംബരം ചെയ്യുകയാണ് സ്റ്റാള്‍.