ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ. തോമസ് എം.എല്‍.എയും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും സന്ദര്‍ശിച്ചു. 53 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. നിലവില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷനില്‍ രണ്ട് വിഭാഗമായി തിരിച്ചാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചെങ്കിലും ഒരു ദിവസം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മടക്കയാത്ര സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് എം.എല്‍.എയും കളക്ടറും അറിയിച്ചു.

ജില്ലാ വികസന കമ്മീഷണർ എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.